നാഗ്പൂരില്‍ കൗണ്‍സിലിങ്ങിന്റെ മറവില്‍ 15 വര്‍ഷത്തിനിടെ 50 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞന് അറസ്റ്റില്‍. 47 വയസ്സുകാരനായ രാജേഷ് ധോകെ എന്ന മനഃശാസ്ത്രജ്ഞനാണ് റെസിഡന്‍ഷ്യല്‍ ക്യാമ്പുകളില്‍ കൗണ്‍സിലിംഗ് നല്‍കാനെന്ന വ്യാജേന പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.
പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ ശേഷം നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ് രാജേഷ് ധോകെ. പോക്സോ, എസ് സി- എസ് ടി നിയമപ്രകാരം രാജേഷിനെതിരെ പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭണ്ഡാര, ഗോണ്ടിയ തുടങ്ങിയ ഗ്രാമപ്രദേശങ്ങളില്‍ രാജേഷ് വ്യക്തിത്വ വികസന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. ഈ ക്യാമ്പുകളില്‍ രാജേഷ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ അനുവാദമില്ലാതെ എടുക്കുകയും, ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു കുറ്റകൃത്യം പുറംലോകം അറിയാതിരിക്കാന്‍ പ്രതി നടപ്പിലാക്കിയ തന്ത്രം. പെണ്‍കുട്ടികളുടെ വിവാഹ ശേഷവും ഇയാള്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുമായിരുന്നു എന്നും പൊലീസ് പറയുന്നു. രാജേഷ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.