കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ നടന്നത് 767 കര്‍ഷക ആത്മഹത്യകള്‍

07:53 AM Jul 03, 2025 | Suchithra Sivadas

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ നടന്നത് 767 കര്‍ഷക ആത്മഹത്യകള്‍. മഹാരാഷ്ട്ര നിയമസഭയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നത്. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തെ കണക്കാണ് പുറത്ത് വിട്ടത്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നത് മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കണക്കുകള്‍ പുറത്ത് വിട്ടതിനൊപ്പം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് എന്ത് സഹായമാണ് സര്‍ക്കാര്‍ ചെയ്തു നല്‍കുക എന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തി. ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് ധനസഹായമായി നല്‍കുന്ന തുക വര്‍ദ്ധിപ്പിക്കണമെന്നും നിയസഭയില്‍ ആവശ്യം ഉയര്‍ന്നു. നിലവില്‍ ഒരു ലക്ഷം രൂപയാണ് കൂടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കി വരുന്നത്. ആത്മഹത്യ ചെയ്തവരില്‍ 376 കര്‍ഷകരാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഈ നഷ്ടപരിഹാരത്തിന് അര്‍ഹരായിരിക്കുന്നത്. ബാക്കി വരുന്ന 200 ഓളം കര്‍ഷകര്‍ക്ക് സഹായധനം ലഭിക്കില്ല.

കര്‍ഷകര്‍ക്ക് ഉടനടി സാമ്പത്തിക സഹായം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, അര്‍ഹരായ പല കര്‍ഷകര്‍ക്കും നിസ്സാരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അര്‍ഹമായ സഹായം ലഭിക്കാതെ പോയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ പക്ഷം. പിഎം കിസാന്‍ സമാന്‍ സ്‌കീമിലൂടെ 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ടെന്നും വിഷാദവും മനക്ലേശവും അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് മനശാസ്ത്ര സഹായവും നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ വിവരിച്ചു.