ഡൽഹി: പുതിയ ആദായനികുതി നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. കാലഹരണപ്പെട്ട 1961ലെ ആദായനികുതി നിയമത്തിന് പകരമായാണ് പുതിയ നിയമത്തിന് അംഗീകാരം നൽകിയത്. അടുത്ത സാമ്പത്തിക വർഷം 2026 ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഈ പുതിയ നിയമം, നികുതി നിയമങ്ങളെ ലളിതമാക്കുകയും വാക്കുകളുടെ എണ്ണം കുറച്ച് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതാക്കി മാറ്റുകയും ചെയ്യും.
ആദായ നികുതി വകുപ്പ് സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2025-ലെ ആദായനികുതി ബിൽ പാർലമെന്റ് ഓഗസ്റ്റ് 12-ന് പാസാക്കിയിരുന്നു. പുതിയ നിയമം നികുതി നിരക്കുകളിൽ മാറ്റമൊന്നും വരുത്തുന്നില്ല, മറിച്ച് സങ്കീർണ്ണമായ ആദായനികുതി നിയമങ്ങൾ മനസ്സിലാക്കുന്നതിന് ആവശ്യമായ ഭാഷയെ ലളിതമാക്കുക മാത്രമാണ് ചെയ്യുന്നത്.
പുതിയ നിയമം അനാവശ്യമായ വ്യവസ്ഥകളും കാലഹരണപ്പെട്ട ഭാഷയും ഒഴിവാക്കുകയും, 1961-ലെ ആദായനികുതി നിയമത്തിലെ 819 വകുപ്പുകൾ 536 ആക്കി കുറയ്ക്കുകയും ചെയ്യുന്നു. അതോടൊപ്പം അധ്യായങ്ങളുടെ എണ്ണം 47-ൽ നിന്ന് 23 ആക്കുകയും ചെയ്തു. പുതിയ ആദായനികുതി നിയമത്തിൽ വാക്കുകളുടെ എണ്ണം 5.12 ലക്ഷത്തിൽ നിന്ന് 2.6 ലക്ഷമായി കുറഞ്ഞു. കൂടാതെ പഴയ നിയമത്തിലെ സങ്കീർണ്ണമായ എഴുത്തിന് പകരം വ്യക്തത വർദ്ധിപ്പിക്കുന്നതിനായി 39 പുതിയ പട്ടികകളും 40 പുതിയ ഫോർമുലകളും അവതരിപ്പിക്കും.