മായാത്ത വേദന; പൂജാരി ദീപം താഴെവെച്ച സംഭവം; മന്ത്രിയായിരുന്നിട്ടും നേരിട്ട വിവേചനം ആവര്‍ത്തിച്ച് കെ.രാധാകൃഷ്ണന്‍

08:18 AM Jan 10, 2025 | Suchithra Sivadas

പയ്യന്നൂരിലെ പരിപാടിയില്‍ നിലവിളക്ക് കൊളുത്താന്‍ കൈമാറാതെ പൂജാരി ദീപം താഴെവെച്ച സംഭവം ആവര്‍ത്തിച്ച് മുന്‍ മന്ത്രി കെ.രാധാകൃഷ്ണന്‍. ജാതിചിന്തകളുടെ കനലുകള്‍ ഇപ്പോഴും ചാരത്തില്‍ പുതഞ്ഞ് സമൂഹത്തില്‍ കിടപ്പുണ്ടെന്നതിന്റെ തെളിവാണെന്നും കെ.രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ പുസ്തകത്തിലാണ് കെ.രാധാകൃഷ്ണന്‍ മന്ത്രിയായിരുന്നിട്ടും നേരിട്ട വിവേചനം ഓര്‍മ്മിക്കുന്നത്. ''ഉയരാം ഒത്തുചേര്‍ന്ന്'' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഇന്ന് നിയമസഭാ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും.
ദേവസ്വം മന്ത്രിയായിരിക്കുമ്പോള്‍ പയ്യന്നൂരില്‍ വെച്ച് നേരിട്ട ജാതി വിവേചനത്തെ കുറിച്ച് മന്ത്രിസ്ഥാനത്ത് ഇരിക്കുമ്പോള്‍ തന്നെ കെ.രാധാകൃഷ്ണന്‍ തുറന്ന് പറഞ്ഞിരുന്നു.

ആ സംഭവം കെ.രാധാകൃഷ്ണന്റെ ഉളളിലൊരു നീറ്റലായി ഇന്നുമുണ്ട്. അതിന്റെ തെളിവാണ് പുസ്തകത്തിലെ പരാമര്‍ശം. കേരളത്തിന്റെ സാമൂഹ്യ മതേതരത്വ അടിത്തറകളില്‍ വിളളല്‍ വീഴ്ത്താനുളള ശ്രമങ്ങള്‍ കാണാതിരുന്നു കൂടാ എന്ന് പറഞ്ഞുകൊണ്ടാണ് പയ്യന്നൂര്‍ സംഭവം ഓര്‍ക്കുന്നത്.

'' ദേവസ്വം മന്ത്രിയായിരിക്കെ പയ്യന്നൂരില്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ നിലവിളക്ക് കൊളുത്താന്‍ കൈമാറാതെ പൂജാരി വിളക്ക് താഴെവെച്ച അനുഭവം ഉണ്ടായി.ജാതിചിന്തകളുടെ കനലുകള്‍ ഇപ്പോഴും ചാരത്തില്‍ പൊതിഞ്ഞ് നമ്മുടെ സമൂഹത്തില്‍ കിടപ്പുണ്ട്. എന്നതിന്റെ സൂചനകളാണിത്. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ഇത്തരം വിവേചനം പരസ്യമായി നേരിടേണ്ടി വന്നാല്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കാനേ വയ്യ'' ഇതാണ് വിളക്ക് കൊളുത്തല്‍ വിവാദത്തെപ്പറ്റി പുസ്തകത്തിലുളള പരാമര്‍ശം.