ഇന്ത്യ-യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ധാരണയായില്ല

05:09 AM Mar 01, 2025 | Suchithra Sivadas

ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ധാരണയായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും വെള്ളിയാഴ്ച നടത്തിയ കൂടികാഴ്ചയില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചു.

യൂറോപ്പില്‍ നിന്നുള്ള കാറുകള്‍ക്കും വിസ്‌കികള്‍ക്കും വൈനുകള്‍ക്കും ഇന്ത്യന്‍ തീരുവ കുറയ്ക്കണമെന്ന് നേരത്തെ യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കുന്നത് ആലോചിക്കാനാണ് തീരുമാനം.

ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും ഇടയില്‍ ഹരിതോര്‍ജ്ജം നിര്‍മ്മിത ബുദ്ധി ഡിജിറ്റല്‍ സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിലെ സഹകരണം കൂട്ടാനും യോഗത്തില്‍ ധാരണയായി. ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ്പ് ഇടനാഴിയ്ക്കുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനും രണ്ട് നേതാക്കളും തീരുമാനിച്ചു.