ലാഹോർ: പാകിസ്താനിലെ ഇസ്ലാമാബാദിൽ നടക്കുന്ന സെൻട്രൽ ഏഷ്യൻ വോളിബാൾ ടൂർണമെൻറിൽ നിന്ന് ഇന്ത്യ ടീം പിന്മാറി. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ വോളിബാൾ ടീം പിന്മാറിയത്.
ഇന്ത്യ പിന്മാറിയ വിവരം പാകിസ്താൻ വോളിബാൾ ഫെഡറേഷൻ (പി.വി.എഫ്) ഉദ്യോഗസ്ഥൻ അബ്ദുൽ അഹദ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 22 കളിക്കാർ ഉൾപ്പെടെ 30 അംഗ ഇന്ത്യൻ സംഘം ടൂർണമെങ്കിൽ പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ, പഹൽഗാം സംഭവത്തിന് പിന്നാലെ ടീമിന് ടൂർണമെങ്കിൽ പങ്കെടുക്കാനുള്ള അനുമതി റദ്ദാക്കിയതായി ഇന്ത്യൻ വോളിബാൾ അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ടീം പിന്മാറിയതിൽ നിരാശയുണ്ടെന്നും പകരം അഫ്ഗാനിസ്താനെയോ ശ്രീലങ്കയെയോ മത്സരിപ്പിക്കുമെന്നും അഹദ് വ്യക്തമാക്കി.
മെയ് 28ന് ഇസ്ലാമാബാദിലെ ജിന്ന കോംപ്ലക്സിൽ വച്ചാണ് സെൻട്രൽ ഏഷ്യൻ വോളിബാൾ ടൂർണമെൻറ് നടക്കുന്നത്. ഇറാൻ, തുർക്ക്മെനിസ്താൻ, കിർഗിസ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങളുടെ വോളിബാൾ ടീമുകൾ ടൂർണമെൻറിൽ പങ്കെടുക്കും.
തെക്കൻ കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ സഞ്ചാരികൾക്ക് നേരെ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ പ്രദേശവാസി ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് ഭീകരാക്രമണത്തിൽ പരിക്കേറ്റു.