സെപ്റ്റംബര്‍ മാസത്തിലെ ലോഞ്ചിന് മുന്നോടിയായി ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്‍റെ വലിയ തോതിലുള്ള നിര്‍മാണം ബെംഗളൂരുവിലെ പ്ലാന്‍റില്‍ ഫോക്‌സ്‌കോണ്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ചൈനയ്ക്ക് പുറത്ത് ആപ്പിളിന്‍റെ രണ്ടാമത്തെ വലിയ അസെംബിളിംഗ് പ്ലാന്‍റാണ് ബെംഗളൂരുവിലേത്. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ യൂണിറ്റിലും ഐഫോണ്‍ 17 അസെംബിളിംഗ് തുടങ്ങിക്കഴിഞ്ഞു. ആപ്പിള്‍ ഉത്പന്നങ്ങളുടെ ഏറ്റവും വലിയ അസെംബിളിംഗ് കമ്പനിയാണ് ഫോക്‌സ്‌കോണ്‍.
വലിയ ഡിമാന്‍ഡുണ്ടാകും എന്ന പ്രതീക്ഷയില്‍ ഐഫോണ്‍ 17 മോഡലുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനാണ് ഈ വര്‍ഷം ആപ്പിളിന്‍റെ പദ്ധതി എന്നാണ് വിവരങ്ങള്‍. 2025ല്‍ ആകെ ആറ് കോടി ഐഫോണുകള്‍ നിര്‍മിക്കാനാണ് ആപ്പിളിന്‍റെ പദ്ധതി എന്നാണ് റിപ്പോര്‍ട്ട്. 2024-25 കാലഘട്ടത്തില്‍ 3.5 കോടിക്കും 4 കോടിക്കും ഇടയില്‍ ഐഫോണുകള്‍ നിര്‍മിച്ച സ്ഥാനത്താണ് ഈ വര്‍ധനവ്. ഇന്ത്യയിലെ ഫോക്‌സ്‌കോണ്‍ യൂണിറ്റുകളില്‍ അസെംബിളിംഗ് വേഗത്തിലാക്കിയതോടെ സെപ്റ്റംബറില്‍ വില്‍പന ആരംഭിക്കും മുമ്പ് ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്‍റെ മതിയായ ലഭ്യത ഉറപ്പിക്കുകയാണ് ആപ്പിളിന്‍റെ ലക്ഷ്യം.
സെപ്റ്റംബറില്‍ പ്രകാശനം ചെയ്യാനിരിക്കുന്ന ഐഫോണ്‍ 17 ശ്രേണിയില്‍ നാല് മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയാണിത്. ഇതില്‍ ഐഫോണ്‍ എയര്‍ എന്നത് ആപ്പിള്‍ ആദ്യമായി അവതരിപ്പിക്കുന്ന അള്‍ട്രാ-സ്ലിം വേരിയന്‍റാണ്. പഴയ പ്ലസ് വേരിയന്‍റിന് പകരമാകും എയര്‍ മോഡല്‍ എത്തുക. ഇത് ആപ്പിളിന്‍റെ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പില്‍ വലിയൊരു മാറ്റമാകും. ആപ്പിളിന്‍റെ ലോഞ്ച് ഇവന്‍റ് 2025 സെപ്റ്റംബര്‍ 9ന് നടക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ലോഞ്ച് തീയതി ആപ്പിള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതേയുള്ളൂ. ഐഫോണ്‍ 17 സീരീസിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 11 ഉം, ആപ്പിള്‍ വാച്ച് അള്‍ട്രാ 3 ഉം, ആപ്പിള്‍ എയര്‍പോഡ്‌സ് 3 പ്രോയും പുറത്തിറക്കിയേക്കും.