ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസമായ 'ത്രിശൂല്‍' അറബിക്കടലില്‍ പുരോഗമിക്കവേ അതേ പ്രദേശത്ത് നാവിക വെടിവെപ്പ് പരിശീലനത്തിനായി പാകിസ്ഥാന്‍

07:10 AM Nov 02, 2025 |


ഓപ്പറേഷന്‍ സിന്ദൂരിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസമായ 'ത്രിശൂല്‍' അറബിക്കടലില്‍ പുരോഗമിക്കവേ, സമാന നീക്കങ്ങളുമായി പാകിസ്ഥാന്‍. അതേ പ്രദേശത്ത് നാവിക വെടിവെപ്പ് പരിശീലനത്തിനായി പാകിസ്ഥാന്‍ സമാന്തരമായി നാവിഗേഷന്‍ മുന്നറിയിപ്പ് പുറത്തിറക്കി. നവംബര്‍ 2 മുതല്‍ 5 വരെയാണ് പാകിസ്ഥാന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യന്‍ പരിശീലനത്തില്‍ ഓപ്പറേഷന്‍ രണ്ടാം ഘട്ടം പാക്കിസ്ഥാന്‍ ഭയക്കുന്നുണ്ടോ എന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.


ഇന്ത്യയുടെ സംയുക്ത സൈനിക നീക്കങ്ങള്‍ നടക്കുന്ന മേഖലകളില്‍, 28,000 അടിക്ക് താഴെ പറക്കുന്ന വിമാനങ്ങള്‍ക്കായി ഇന്ത്യ പുറത്തിറക്കിയ വ്യോമ മുന്നറിയിപ്പിന് പിന്നാലെയാണിത്. അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ത്യ വലിയ തോതിലുള്ള സൈനികാഭ്യാസങ്ങള്‍ നടത്തുമ്പോള്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.

ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളുടെ സംയുക്ത അഭ്യാസമായ 'ത്രിശൂലില്‍' 25 യുദ്ധക്കപ്പലുകളും, 40-ല്‍ അധികം യുദ്ധവിമാനങ്ങളും, ഏകദേശം 40,000 സൈനികരും പങ്കെടുക്കുന്നുണ്ട്.