+

മാലെദ്വീപിന് കൊടുത്ത പണി തുര്‍ക്കിക്കും, പാകിസ്ഥാനെതിരായ സംഘര്‍ഷത്തില്‍ ഇന്ത്യയെ പിന്നില്‍നിന്നും കുത്തിയ തുര്‍ക്കിയെ പാഠം പഠിപ്പിക്കും

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ പാകിസ്ഥാനെ പിന്തുണച്ചതിന്റെ പശ്ചാത്തലത്തില്‍, തുര്‍ക്കിക്കെതിരെ നയതന്ത്ര, സാമ്പത്തിക, സൈനിക, രാജ്യാന്തര മേഖലകളില്‍ തന്ത്രപരമായ തിരിച്ചടികള്‍ നല്‍കാന്‍ ഇന്ത്യ ഒരുങ്ങുന്നു.

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ പാകിസ്ഥാനെ പിന്തുണച്ചതിന്റെ പശ്ചാത്തലത്തില്‍, തുര്‍ക്കിക്കെതിരെ നയതന്ത്ര, സാമ്പത്തിക, സൈനിക, രാജ്യാന്തര മേഖലകളില്‍ തന്ത്രപരമായ തിരിച്ചടികള്‍ നല്‍കാന്‍ ഇന്ത്യ ഒരുങ്ങുന്നു.

1948 മുതല്‍ സൗഹൃദപരമായ ബന്ധമായിരുന്നു തുര്‍ക്കിയുമായി ഉണ്ടായിരുന്നത്. എന്നാല്‍, അടുത്തിടെ തുര്‍ക്കിയുടെ പാകിസ്ഥാന്‍ പിന്തുണയും കശ്മീര്‍ വിഷയത്തിലെ നിലപാടും ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ ഇന്ത്യ ഉന്നതതല സന്ദര്‍ശനങ്ങള്‍, ഉഭയകക്ഷി ചര്‍ച്ചകള്‍ എന്നിവ പരിമിതപ്പെടുത്തിയേക്കാം.

രാജ്യാന്തര വേദികളില്‍ തുര്‍ക്കിക്ക് അനുകൂലമാകുന്ന ഒരു നിലപാടും ഇന്ത്യ കൈക്കൊള്ളുകയില്ല. യുഎന്‍, ജി20 തുടങ്ങിയ വേദികളില്‍ തുര്‍ക്കിയുടെ നിലപാടുകള്‍ക്കെതിരെ ഇന്ത്യ ശക്തമായി വാദിക്കുകയും, തുര്‍ക്കിയുടെ പാകിസ്ഥാന്‍ ബന്ധം തുറന്നുകാട്ടുകയും ചെയ്യും. മാത്രമല്ല, തുര്‍ക്കിക്ക് എതിരായി ഗ്രീസ്, സൈപ്രസ്, ആര്‍മീനിയ തുടങ്ങിയ രാഷ്ട്രങ്ങളുമായി ഇന്ത്യ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്‌തേക്കാം.

2023-ലെ തുര്‍ക്കി ഭൂകമ്പത്തില്‍ ഇന്ത്യ നല്‍കിയ സഹായം മറന്നാണ് തുര്‍ക്കി പാകിസ്ഥാന് എല്ലാവിധ പിന്തുണയും നല്‍കിയത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും തുര്‍ക്കി തയ്യാറായില്ല. സംഘര്‍ഷമുണ്ടായ ഉടന്‍ പാകിസ്ഥാന് ആയുധങ്ങള്‍ എത്തിക്കുകയും ചെയ്തു. പാകിസ്ഥാന് ഡ്രോണുകള്‍ നല്‍കിയതില്‍ പ്രതിഷേധിച്ച്, ഇന്ത്യയില്‍ തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ ശക്തമാണ്.

2019-ല്‍ ഇന്ത്യ-തുര്‍ക്കി വ്യാപാരം 7.8 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യ ഇനി മുതല്‍ തുര്‍ക്കിയില്‍നിന്നുള്ള ഇറക്കുമതിക്ക് (പെട്രോളിയം, ഓട്ടോ ഘടകങ്ങള്‍) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ, തുര്‍ക്കിയിലേക്കുള്ള കയറ്റുമതി (ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ്) പരിമിതപ്പെടുത്തുകയോ ചെയ്‌തേക്കാം.

തുര്‍ക്കിയെ ചെറുക്കുന്ന ഗ്രീസ്, സൈപ്രസ് തുടങ്ങിയ രാഷ്ട്രങ്ങളുമായി സൈനിക സഹകരണം വിപുലീകരിക്കാനാണ് ഇന്ത്യയുടെ ആലോചന. ഇത് തുര്‍ക്കിയുടെ പ്രാദേശിക സ്വാധീനത്തെ ചെറുക്കും. സൈപ്രസ് വിഷയത്തില്‍ തുര്‍ക്കിക്ക് ഇന്ത്യയുടെ പിന്തുണ ലഭിക്കില്ല.

ഇന്ത്യ തുര്‍ക്കി ബന്ധം ഉലയുന്നത് ഏറ്റവും പ്രകടമാവുക ടൂറിസം മേഖലയിലാണ്. ഇതിനകം തന്നെ ആയിരക്കണക്കിന് ഇന്ത്യന്‍ യാത്രക്കാര്‍ തുര്‍ക്കിയിലേക്കുള്ള യാത്ര റദ്ദാക്കി. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് തുര്‍ക്കിയിലേക്കുള്ള യാത്രാ പാക്കേജുകള്‍, വിസാ ഇളവുകള്‍ പരിമിതപ്പെടുത്തും.

2024-ല്‍ 3.3 ലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് തുര്‍ക്കി സന്ദര്‍ശിച്ചത്. ഇത് തുര്‍ക്കിയുടെ ടൂറിസം വരുമാനത്തില്‍ കാര്യമായ പങ്കുവഹിക്കുന്നു. രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ ഉയരുകയാണെങ്കില്‍ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യ തയ്യാറാകും.

നേരത്തെ മാലദ്വീപ് ഇന്ത്യയ്‌ക്കെതിരെ നിലപാടെടുത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ മാലദ്വീപിനെ കൈവെടിഞ്ഞിരുന്നു. ഇത് അവരുടെ വരുമാനത്തെ കാര്യമായി ബാധിച്ചതോടെ ഇന്ത്യയുമായുള്ള സഹകരണത്തിന് വീണ്ടും താത്പര്യം പ്രകടിപ്പിച്ചു.

തുര്‍ക്കിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇസ്താംബുള്‍, കപ്പഡോഷ്യ, ആന്റല്യ എന്നിവയിലേക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ ഒഴുക്ക് കുറയ്ക്കുന്നത് തുര്‍ക്കിയുടെ സമ്പദ്വ്യവസ്ഥയെ ഒരു പരിധിവരെ ബാധിക്കും. പ്രത്യേകിച്ച് ടൂറിസം തുര്‍ക്കിയുടെ ജിഡിപിയുടെ 12% വരെ സംഭാവന ചെയ്യുന്നുണ്ട്.

തുര്‍ക്കി മാത്രമല്ല, ടൂറിസം മേഖലയെ കാര്യമായി ആശ്രയിക്കുന്ന അസര്‍ബെയ്ജാനും ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ ബഹിഷ്‌കരണത്തിന് ഇരയാകും. പാകിസ്ഥാന് പിന്തുണയുമായി എത്തിയ രാജ്യമാണ് അസര്‍ബെയ്ജാന്‍.

facebook twitter