ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ കടുത്ത നടപടി ; നോട്ടീസ് അയച്ച് ഡിജിസിഎ

06:51 AM Dec 07, 2025 | Suchithra Sivadas

ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഇന്‍ഡിഗോയ്ക്ക് നോട്ടീസ് നല്‍കി. കമ്പനി സിഇഒയ്ക്ക് ഗുരുതര വീഴ്ച്ചയുണ്ടായി എന്നാണ് നിലവിലെ കണ്ടെത്തല്‍.

വിമാനയാത്രാ പ്രതിസന്ധിയില്‍ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിനെ പുറത്താക്കണമെന്ന് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നോട്ടീസ് നല്‍കുന്നത്. എയര്‍ലൈനിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോയുടെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.


ഇന്‍ഡിഗോയ്ക്ക് സര്‍വീസ് നടത്താന്‍ അനുവാദമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ എയര്‍ലൈനിനെതിരെ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ വെച്ച് ഏറ്റവും വലിയ നടപടിയാണിതെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതിന് പിന്നാലെ രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നടപടി.