+

ഫാം ഹൗസിൽ മോഷണം നടന്ന് മൂന്ന് മാസത്തിന് ശേഷവും അന്വേഷണത്തിൽ പുരോഗതിയില്ല ; ആശങ്ക പ്രകടിപ്പിച്ച് സംഗീത ബിജ്‌ലാനി

ഫാം ഹൗസിൽ മോഷണം നടന്ന് മൂന്ന് മാസത്തിന് ശേഷവും അന്വേഷണത്തിൽ പുരോഗതിയില്ല ; ആശങ്ക പ്രകടിപ്പിച്ച് സംഗീത ബിജ്‌ലാനി

മഹാരാഷ്ട്ര : പുണെ ജില്ലയിലെ ഫാം ഹൗസിൽ മോഷണം നടന്ന് ഏകദേശം മൂന്ന് മാസത്തിന് ശേഷവും അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് നടി സംഗീത ബിജ്‌ലാനി. ആ സ്ഥലത്ത് തനിക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്നും നടി പറഞ്ഞു. പവന അണക്കെട്ടിനടുത്തുള്ള തന്റെ ഫാം ഹൗസിൽ നടന്ന മോഷണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ സ്ഥിതി അറിയാൻ സംഗീത അടുത്തിടെ പുണെ റൂറൽ പൊലീസ് സൂപ്രണ്ട് സന്ദീപ് സിങ് ഗില്ലിനെ കണ്ടിരുന്നു. വ്യക്തിപരമായ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി തോക്ക് ലൈസൻസിനും അപേക്ഷിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു.

‘ജൂലൈയിൽ അജ്ഞാതർ എൻറെ വീട്ടിൽ അതിക്രമിച്ചു കയറി റഫ്രിജറേറ്റർ, ടി. വി സെറ്റുകൾ, ഫർണിച്ചറുകൾ തുടങ്ങിയ വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും അശ്ലീല ചുവരെഴുത്തുകൾ എഴുതുകയും ചെയ്തു. 50,000 രൂപ പണവും 7,000 രൂപ വിലമതിക്കുന്ന ഒരു ടെലിവിഷനും അവർ കൊണ്ടുപോയി. കഴിഞ്ഞ 20 വർഷമായി ഞാൻ അവിടെ താമസിക്കുന്നു. എന്റെ ഫാം ഹൗസിൽ നടന്ന ഭീകരമായ മോഷണം നടന്നിട്ട് മൂന്നര മാസമായി. പക്ഷേ ഇപ്പോഴും ഒരു തുമ്പും ലഭിച്ചിട്ടില്ല. ഒരു മോഷണവും വീട്ടിൽ അതിക്രമിച്ചു കയറലും നടന്നു. അത് ഭയാനകമായിരുന്നു. ഭാഗ്യവശാൽ ഞാൻ അവിടെ ഉണ്ടായിരുന്നില്ല. വീടിനുള്ളിലെ ചുമരിൽ അശ്ലീല ചുവരെഴുത്തുകളും എഴുതിയിരുന്നു. ഈ സംഭവം എന്നെ മാത്രമല്ല, കുടുംബത്തെയും ഞെട്ടിച്ചു’- താരം പറഞ്ഞു.

ഫാം ഹൗസിൽ മുതിർന്ന പൗരന്മാരും കുടുംബങ്ങളും ഉൾപ്പെടെ നിരവധി താമസക്കാരുണ്ട്. സുരക്ഷ പ്രധാനമാണ്. ഈ സംഭവങ്ങൾ കാരണം പ്രദേശത്തെ താമസക്കാർക്ക് സുരക്ഷിതത്വമില്ല. സ്വയം സംരക്ഷണത്തിനായി ആയുധം കൈവശം വെക്കേണ്ട ആവശ്യകത ആദ്യമായി തോന്നുന്നുവെന്ന് നടി പറഞ്ഞു. ‘തോക്ക് ലൈസൻസ് വേണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ ഇതാദ്യമായാണ് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നത്. തോക്ക് ആവശ്യമാണ്’. പ്രദേശവാസികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ അധികാരികൾ നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണം വേഗത്തിലാക്കണമെന്നും സംഗീത ആവശ്യപ്പെട്ടു.

facebook twitter