
ടെഹ്റാന് : തെക്കന്‍ ഇറാനിയന്‍ നഗരമായ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍സ്ഫോടനം. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. 47 പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
തീ അണയ്ക്കുന്നതിനായി തുറമുഖത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. തുറമുഖ ജീവനക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാമെന്നാണ് തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു കിലോമീറ്ററോളം ചുറ്റളവിലുള്ള കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു. 2020-ല്‍ ഇതേ തുറമുഖം വലിയ സൈബര്‍ ആക്രമണം നേരിടുകയുണ്ടായി. അത് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. ഇസ്രയേലാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന് ഹാക്കര്‍മാര്‍ ഇസ്രയേലില്‍ നടത്തിയ സൈബര്‍ ആക്രമണത്തിന് പകരമായിരുന്നു ആ സംഭവം.