ഗസ്സ സിറ്റി: മെയ് അവസാനം മുതൽ ഗസ്സയിൽ സഹായം തേടുന്നതിനിടെ കുറഞ്ഞത് 1,760 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു. ആഗസ്റ്റ് തുടക്കത്തിൽ പ്രസിദ്ധീകരിച്ച അവസാന കണക്കിൽ നിന്നും നൂറുകണക്കിന് ആളുകളുടെ വർധനവാണ് ഇത് കാണിക്കുന്നത്.
‘മെയ് 27 മുതൽ ആഗസ്റ്റ് 13 വരെയുള്ള കണക്കനുസരിച്ച്, സഹായം തേടുന്നതിനിടെ കുറഞ്ഞത് 1,760 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഞങ്ങൾ രേഖപ്പെടുത്തി. 994 പേർ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സൈറ്റുകളുടെ പരിസരത്തും 766 പേർ വിതരണ വാഹനവ്യൂഹങ്ങളുടെ വഴികളിലുമാണ് മരിച്ചുവീണത്. ഈ കൊലപാതകങ്ങളിൽ ഭൂരിഭാഗവും ഇസ്രായേൽ സൈന്യമാണ് നടത്തിയത്’ എന്ന് ഫലസ്തീൻ പ്രദേശങ്ങൾക്കായുള്ള ഏജൻസിയുടെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.
ആഗസ്റ്റ് 1ന് യു.എൻ ഓഫിസ് റിപ്പോർട്ട് ചെയ്ത മരണസംഖ്യ 1,373 ആയിരുന്നു. വെള്ളിയാഴ്ച ഇസ്രായേൽ വെടിവെപ്പിൽ കുറഞ്ഞത് 38 പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ സിവിൽ ഡിഫൻസ് ഏജൻസി പറഞ്ഞതോടെയാണ് പുതിയ കണക്ക് പുറത്തുവിട്ടത്. ഇതിൽ 12 പേർ മാനുഷിക സഹായത്തിനായി കാത്തിരിക്കുകയായിരുന്നു.
എന്നാൽ, ഹമാസിന്റെ സൈനിക ശേഷി തകർക്കാനാണ് തങ്ങളുടെ സൈന്യം പ്രവർത്തിക്കുന്നതെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്. സാധാരണക്കാരുടെ നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിന് സൈന്യം മുൻകരുതലുകൾ എടുക്കുന്നുണ്ടെന്നും അവർ വാദിക്കുന്നു.