
റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഏറെ വിമർശനത്തിനിടയാക്കിയ ഇ-1 കുടിയേറ്റ പദ്ധതി അംഗീകരിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്. ഇസ്രായേലിലെത്തുന്ന കുടിയേറ്റക്കാർക്കായി 3000 വീടുകൾ പുതുതായി നിർമിക്കുന്ന പദ്ധതിക്കാണ് അംഗീകാരം നൽകാനൊരുങ്ങുന്നത്. വെസ്റ്റ് ബാങ്കിലെ മാലെ അഡുമിമിലുള്ള കുടിയേറ്റങ്ങളെ അധിനിവിഷ്ട കിഴക്കൻ ജറൂസലമുമായി ബന്ധിപ്പിക്കുന്ന പദ്ധതി വെസ്റ്റ് ബാങ്കിനെ കിഴക്കൻ ജറൂസലമിൽനിന്ന് പൂർണമായി മുറിച്ചുമാറ്റുന്നതാകും. കിഴക്കൻ ജറൂസലമിലുള്ള ഫലസ്തീനികൾക്ക് വെസ്റ്റ് ബാങ്കിലെത്താൻ ഇതോടെ വഴികളടയും.
കടുത്ത അന്താരാഷ്ട്ര സമ്മർദംമൂലം പതിറ്റാണ്ടുകളായി ഇ-1 കുടിയേറ്റ പദ്ധതി നടപ്പാക്കാനാകാതെ കുരുക്കിലായിരുന്നു. അതിനിടെ, കഴിഞ്ഞ മാർച്ചിൽ തെക്ക്-വടക്കൻ വെസ്റ്റ് ബാങ്കുകളെ ബന്ധിപ്പിച്ച് ഫലസ്തീനികൾക്ക് മാത്രമായി റോഡ് നിർമാണവും ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. പ്രധാന ഹൈവേയിൽ ഫലസ്തീനികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നതാണ് നീക്കം. ‘‘ഫലസ്തീൻ രാജ്യമെന്ന ആശയത്തെ പൂർണമായി കുഴിച്ചുമൂടുന്നതാണ് ഇ-1 നിർമാണ പദ്ധതി’’യെന്ന് സ്മോട്രിച്ച് പറഞ്ഞു.
ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ആസ്ട്രേലിയ അടക്കം രാജ്യങ്ങൾ അടുത്തിടെ ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. സ്മോട്രിച്ചിന്റെ പ്രഖ്യാപനത്തെ ഖത്തർ അപലപിച്ചു. വിശാല ഇസ്രായേൽ സ്ഥാപനം ലക്ഷ്യമാണെന്ന് കഴിഞ്ഞ ദിവസം നെതന്യാഹു നടത്തിയ പ്രസ്താവനയെ ഖത്തർ, സൗദി അറേബ്യ, ജോർഡൻ, യമൻ തുടങ്ങിയ രാജ്യങ്ങളും വിമർശിച്ചു.