യെമനിലേക്ക് ഇസ്രയേലിന്റെ അതിരൂക്ഷ ആക്രമണം

06:26 AM Aug 25, 2025 | Suchithra Sivadas

യമന്‍ തലസ്ഥാനമായ സനായിലെ ഹൂത്തി സൈനിക കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങളിലും വൈദ്യുത നിലയങ്ങളിലും ഇന്ധന സംഭരണ കേന്ദ്രങ്ങളിലുമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചത്. ഹൂത്തി സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഇസ്രയേലിന് നേരെ ആവര്‍ത്തിച്ച് നടന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്നാണ് വിശദീകരണം.


ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ഹൂത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എണ്ണക്കമ്പനിക്ക് നേരെ നടന്ന ആക്രമണത്തിലാണ് രണ്ട് പേരും കൊല്ലപ്പെട്ടത്. 
സനായിലെ പ്രസിഡന്റിന്റെ കൊട്ടാരം ഹൂത്തി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സൈനിക കോമ്പൗണ്ടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് ഇവിടം ആക്രമിച്ചതിന്റെ കാരണമായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയത്.

ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതായി ഹൂത്തികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുള്ള ആക്രമണവും ഉണ്ടായിരിക്കുന്നത്.