മെയ്യഴകന്‍ എന്ന ചിത്രം ചെയ്യാന്‍ പ്രേരിപ്പിച്ചത് മലയാളം സിനിമകളെന്ന് കാര്‍ത്തി

12:50 PM Sep 08, 2025 | Suchithra Sivadas

കഴിഞ്ഞ വര്‍ഷം സി പ്രേംകുമാറിനെ സംവിധാനത്തില്‍ കാര്‍ത്തിയും അരവിന്ദ് സാമിയും പ്രധാന വേഷങ്ങളിലെത്തിയ മെയ്യഴകന്‍ എന്ന ചിത്രം ചെയ്യാന്‍ പ്രേരിപ്പിച്ചത് മലയാളം സിനിമകളാണെന്നു നടന്‍ കാര്‍ത്തി. മികച്ച തമിഴ് നടനുള്ള സൈമ പുരസ്‌കാരം ഏറ്റുവാങ്ങിയുള്ള നന്ദി പ്രസംഗത്തിലാണ് താരം മലയാള സിനിമ മെയ്യഴകനില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് മനസ് തുറന്നത്.
'മെയ്യഴകന്‍ വളരെ സ്‌പെഷ്യലായൊരു ചിത്രമാണ്. ഒരു നോവലായാണ് ആദ്യം അത് വായിച്ചത്, അപ്പോള്‍ തോന്നി ഇതുപോലുള്ള സിനിമകളൊക്കെ സാധാരണ മലയാളത്തിലാണല്ലോ ഇറങ്ങാറ്, ഇതൊക്കെ നമുക്കും പറ്റില്ലേ എന്ന് തോന്നി. അതിനാല്‍ ഇങ്ങനൊരു ചിത്രം ചെയ്യണമെന്ന് പ്രചോദിപ്പിച്ച മലയാളി സഹോദരങ്ങള്‍ക്ക് നന്ദി.

ചിത്രം തമിഴ്നാട്ടില്‍ വേണ്ടത്ര വിജയം നേടിയിരുന്നില്ല. എന്നാല്‍ കേരളത്തിലും തെലുങ്കിലും ചിത്രം മികച്ച വിജയവും പ്രശംസയും നേടിയിരുന്നു.

''ചിത്രം ചെയ്തതിന്‌ശേഷം എവിടെ ചെന്നാലും ആരാധകര്‍ എന്നെ സമീപിക്കുന്നത് മെയ്യഴകാ എന്ന് വിളിച്ച് കെട്ടിപ്പിടിച്ചു കൊണ്ടാണ്. ഈ ചിത്രം എനിക്കായി സമ്മാനിച്ച സംവിധായകന്‍ പ്രേംകുമാറിനും, നിര്‍മ്മിച്ച ചേട്ടന്‍ സൂര്യയോടും നന്ദി പറയുന്നു'' കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. സര്‍ദാര്‍ 2 ആണ് കാര്‍ത്തിയുടേതായി അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം.