ഇന്ത്യൻ വാണിജ്യങ്ങൾക്കുള്ള ലോക കവാടം എന്ന നിലയിൽ 40 വർഷം പിന്നിട്ട് ജാഫ്സ

08:09 PM May 07, 2025 | AVANI MV

കൊച്ചി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര വളർച്ചയിൽ റെക്കോർഡ് നേട്ടവുമായി, ജെബൽ അലി ഫ്രീ സോൺ (ജാഫ്സ) അതിന്റെ 40-ാം വാർഷികം പിന്നിട്ടു. മുൻ വർഷത്തെ അപേക്ഷിച്ച് 2024ൽ മാത്രം ഡിപി വേൾഡിന്റെ ഈ ഫ്രീ സോൺ ഇന്ത്യയിൽ നിന്നുള്ള വ്യാപാരത്തിന്റെ വ്യാപ്തിയിൽ 40% വർധനയും വ്യാപാര മൂല്യത്തിൽ 17% വർധനവും രേഖപ്പെടുത്തി. ജാഫ്സയിൽ ഇലക്ട്രോണിക്‌സ്, നിർമ്മാണമേഖല, ഭക്ഷണം, കെമിക്കൽസ്, ലോജിസ്റ്റിക്‌സ് എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലായി 2,300-ലധികം ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുകയും അവിടെ 15,000-ത്തിലധികം ആളുകൾ ജോലി ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം, ജാഫ്സയിൽ ചേർന്നത് 283 പുതിയ ഇന്ത്യൻ കമ്പനികളാണ്.

1985ൽ സ്ഥാപിച്ച ജാഫ്സ കഴിഞ്ഞ 20 വർഷത്തിനിടെ 30 ബില്യൺ ഡോളറിലധികം വിദേശ നിക്ഷേപമാണ് നേടിയത്. ഇന്നിവിടെ 157 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 11,000 കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ജാഫ്സ അതിന്റെ 40-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഇന്ത്യയുമായുള്ള ശക്തവും സുസ്ഥിരവും കൂടുതൽ വിപുലീകരണ സാധ്യതയുള്ളതുമായ ഒരു വ്യാപാര ബന്ധം രൂപപ്പെടുത്തുന്നതിൽ അതിനുള്ള പങ്ക് എന്നത്തേക്കാളും കൂടുതൽ പ്രസക്തമായി തുടരുന്നു.

2026ൽ ആരംഭിക്കാൻ പോകുന്ന ഭാരത് മാർട്ട് ആണ് ഒരു സുപ്രധാന ഭാവി വികസന പദ്ധതി. 2.7 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണവുമായി ജബൽ അലിയിൽ  തന്നെ സ്ഥിതി ചെയ്യുന്ന ഈ സംവിധാനം, പ്രാരംഭ ഘട്ടത്തിൽ 1.3 ദശലക്ഷം ചതുരശ്ര അടിയിലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ജാഫ്സയുടെ വിജയകഥയിൽ ഇന്ത്യ നിർണായക പങ്കുവഹിച്ചിട്ടുണ്ട് എന്ന് ഡിപി വേൾഡിന്റെ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഹിസ് എക്‌സലൻസി സുൽത്താൻ അഹമ്മദ് ബിൻ സുലായം പറഞ്ഞു.