ബുദൗൻ: ഉത്തർപ്രദേശ് ബദായൂനിലെ ശംസി ജമാ മസ്ജിദ് സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട് നൽകിയ ഹരജി പരിഗണിക്കുമോ എന്ന കാര്യത്തിൽ കോടതി ജനുവരി 18ന് തീരുമാനമറിയിക്കും.
സിവിൽ ജഡ്ജി അമിത് കുമാറാണ് കേസ് പരിഗണിക്കുന്നത്. ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച കേസിൽ വാദം പൂർത്തിയാകുന്നതുവരെ കീഴ്കോടതികൾ പുതിയ കേസുകൾ രജിസ്റ്റർചെയ്യുന്നതിനും സർവേ ഉത്തരവുകളോ വിധികളോ പുറപ്പെടുവിക്കുന്നതിനും സുപ്രീംകോടതി വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
കോടതി തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഹരജി 18 ലേക്ക് മാറ്റിയതെന്നും ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ വേദ് പ്രകാശ് സാഹു പറഞ്ഞു. ശംസി ജമാമസ്ജിദ് സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്നും ആരാധനക്ക് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് 2022ൽ അഖില ഭാരത ഹിന്ദു മഹാസഭ കൺവീനർ മുകേഷ് പാട്ടീൽ രംഗത്തെത്തിയതോടെയാണ് തർക്കം തുടങ്ങിയത്. ഇരുവിഭാഗങ്ങളുടെയും അഭിഭാഷകർ തങ്ങളുടെ വാദങ്ങൾ ഡിസംബർ 17ന് കോടതിയിൽ അവതരിപ്പിച്ചിരുന്നു.