വാഷിങ്ടൺ: ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ(97) അന്തരിച്ചു. വാട്സൺ വർഷങ്ങളോളം ജോലി ചെയ്ത കോൾഡ് സ്പ്രിങ് ഹാർബർ ലബോറിറ്റിയാണ് മരണവിവരം അറിയിച്ചത്. 1953ലാണ് ഡി.എൻ.എയുടെ ഇരട്ട പിരിയൻ ഘടന വാട്സൺ കണ്ടെത്തിയത്. 1962ൽ കണ്ടുപിടിത്തത്തിന് അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിക്കുകയും ചെയ്തു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കിനും മൗറിസ് വിൽക്കീൻസിനൊപ്പമാണ് ജയിംസ് വാട്സന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.
ജെയിംസ് വാട്സന്റെ 1953ലെ കണ്ടുപിടിത്തമാണ് ജെനിറ്റിക് എൻജിനീയറിങ്, ജെൻ തെറാപ്പി, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകൾക്ക് തുടക്കമിട്ടത്. അമേരിക്കയിലെ ചിക്കാഗോയിൽ 1928ലാണ് വാട്സൺ ജനിച്ചത്. ഒന്നാം ക്ലാസോടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ചിക്കാഗോ സർവകലാശാലയിൽ വിദ്യാഭ്യാസം തുടർന്നു. പിന്നിട് ഇൻഡ്യാനാ സർവകലാശാലയിൽ ഡോ.സാൽവഡോർ ലൂറിയയുടെ കീഴിൽ ഡോക്ടറേറ്റ് ഗവേഷണം നടത്തി.
ഇരുപത്തി രണ്ടാം വയസ്സിൽ പി.എച്ച്.ഡി. നേടി. പിന്നിട് ഇംഗ്ലണ്ടലെ കേംബ്രിഡ്ജിലെത്തി പ്രസിദ്ധമായ കാവെൻഡിഷ് ലബോറട്ടറിയിൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കിൻറെ കൂടെ ചേർന്നു ഗവേഷണം തുടങ്ങുകയും ചെയ്തു. ഡി.എൻ.എയുടെ കണ്ടുപിടിത്തത്തിന് ശേഷം അദ്ദേഹം ഹാർവാർഡ് യൂനിവേഴ്സിറ്റിയിൽ ചേർന്നു. 1968ൽ കോൾഡ് സ്പ്രിങ് ഹാർബർ ലബോറിറ്ററി ഡയറക്ടറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1990ൽ ഹ്യുമൻ ജീനോം പ്രൊജക്ടിന്റെ തലവനായി അദ്ദേഹം നിയമിതനായി .
എന്നാൽ, ഈയിടെയായി അദ്ദേഹം നടത്തിയ ചില അഭിപ്രായപ്രകടനങ്ങൾ വിവാദമാവുകയും ചെയ്തിരുന്നു. കറുത്തവരും വെളുത്തവരുമായി ജനവിഭാഗങ്ങളുടെ ബൗദ്ധികതയെ നിർണയിക്കുന്നതിൽ ജീനുകൾക്ക് പങ്കുണ്ടെന്ന പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.