നേപ്പാളിലെ 'ജെന്‍സി' പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന് സൈന്യം

07:21 AM Sep 10, 2025 | Suchithra Sivadas

നേപ്പാളില്‍ 'ജെന്‍സി' പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ പ്രത്യേക അറിയിപ്പുമായി സൈന്യം. സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന് നേപ്പാള്‍ സൈന്യം ആഹ്വാനം ചെയ്തു. സമധാന ശ്രമങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ നേതൃത്വവും പ്രക്ഷോഭകാരികളും തയ്യാറാകണമെന്നും സൈന്യം ആവശ്യപ്പെട്ടു. 

ഇതിനിടെ, നേപ്പാളിലെ സ്ഥിതിഗതികള്‍ ഇന്ത്യ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നു. അക്രമം ഹൃദയഭേദകമെന്നും നിരവധി യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായത് വേദനാജനകമെന്നുംപ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. സമാധാനത്തിന് ആഹ്വാനം നല്‍കി നേപ്പാളിയിലാണ് മോദി എക്‌സില്‍ കുറിച്ചത്.

നേപ്പാളില്‍ കലാപം രൂക്ഷമായി തുടരുകയാണ്. 'ജെന്‍ സി' പ്രക്ഷോഭകാരികള്‍ ഇന്നലെ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിനും പാര്‍ലമെന്റ് മന്ദിരത്തിനും സുപ്രീം കോടതിക്കും തീയിട്ടിരുന്നു. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ വീടിനാണ് തീയിട്ടത്. വീടിനുള്ളിലുണ്ടായിരുന്ന ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കര്‍ വെന്തു മരിച്ചു.