മുംബൈ: സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നടപ്പാക്കാന്‍ എയര്‍ടെലിന് പിന്നാലെ മുകേഷ് അംബാനിയുടെ ജിയോയും കരാറില്‍ ഒപ്പുവെച്ചു. ഇലോണ്‍ മസ്‌കിന്റെ സ്പെയ്സ്എക്സുമായി കരാര്‍ ഒപ്പുവെച്ചതായി ഭാരതി എയര്‍ടെല്‍ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെയാണ് ജിയോയുടെയും പ്രഖ്യാപനം.
ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും സ്റ്റാര്‍ലിങ്ക് സൊല്യൂഷനുകള്‍ ലഭ്യമാക്കും. അതേസമയം, സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് സ്പെയ്സ്എക്സിന് ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്. വിവിധ നിയന്ത്രണ ഏജന്‍സികളുടെ അനുമതി ലഭ്യമായിട്ടില്ല. ഈ അനുമതികള്‍ ലഭിച്ചാലെ എയര്‍ടെല്ലിന്റെയും ജിയോയുടെയും കരാര്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇലോണ്‍ മസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍വിപണിപ്രവേശത്തിനും ധാരണയായത്. രാജ്യത്ത് ഇന്റര്‍നെറ്റ് ലഭ്യത വ്യാപിപ്പിക്കാന്‍ സ്പെയ്സ്എക്സുമായുള്ള സഹകരണം സഹായകമാകുമെന്ന് ഇന്ത്യന്‍ ടെലികോം കമ്പനികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യയിലെ ഏറ്റവും വിദൂര പ്രദേശങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം വിശ്വസനീയമായ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് ഈ കരാര്‍ സഹായിക്കുമെന്ന ജിയോ പ്രസ്താവനയില്‍ അറിയിച്ചു. ജിയോ അതിന്റെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ വില്‍ക്കുക മാത്രമല്ല, ഇന്‍സ്റ്റലേഷനും ആക്റ്റിവേഷനും മറ്റു സര്‍വീസുകള്‍ക്കുമായി ഒരു സംവിധാനം സ്ഥാപിക്കുകയും ചെയ്യുമെന്നും ജിയോ വ്യക്തമാക്കുകയുണ്ടായി.
എവിടെ ജീവിക്കുന്നവരായാലും ഓരോ ഇന്ത്യക്കാരനും താങ്ങാവുന്ന നിരക്കില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുകയാണ് ജിയോയുടെ മുഖ്യ അജണ്ടയെന്ന് റിലയന്‍സ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മന്‍ പറഞ്ഞു. എല്ലാവര്‍ക്കും തടസമില്ലാത്ത ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭ്യമാക്കുകയെന്ന തങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതി ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിനുള്ള ഈ പ്ങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളെയും ബിസിനസുകളെയുമെല്ലാം ശക്തിപ്പെടുത്തുന്നതിന് ഈ കണക്റ്റിവിറ്റി വിപ്ലവം സഹായിക്കും.
ഇന്ത്യയുടെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതില്‍ ജിയോയുടെ പ്രതിബദ്ധതയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു--സ്പേസ് എക്സ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഗ്വയിന്‍ ഷോട്ട് വെല്‍ പറഞ്ഞു.
സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുതല്‍ ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കും ലഭ്യമാക്കുന്നതിനായി ജിയോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഞങ്ങളുടെ തീരുമാനം. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ-അദ്ദേഹം പറഞ്ഞു.