മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് മാർച്ച് പാദത്തിലെ അറ്റാദായത്തിൽ നേടിയത് 25.7 ശതമാനം വർധനവ്. വെള്ളിയാഴ്ച്ച കമ്പനി പുറത്തുവിട്ട 2024-25 സാമ്പത്തിക വർഷത്തിലെ അവസാന പാദ ഫലങ്ങളിലാണ് ഇത് വ്യക്തമാക്കുന്നത്. 7022 കോടി രൂപയാണ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ നികുതിക്ക് ശേഷമുള്ള ലാഭം. പ്രതിഉപഭോക്താവിന് മേലുള്ള ശരാശരി വരുമാനത്തിൽ മികച്ച വളർച്ച നേടാൻ ജിയോ പ്ലാറ്റ്‌ഫോംസിനായി.
മുൻസാമ്പത്തിക വർഷം ഇതേ കാലയളവിൽ 5587 കോടി രൂപയുടെ ലാഭമാണ് ജിയോ പ്ലാറ്റ്‌ഫോംസ് രേഖപ്പെടുത്തിയത്. മാർച്ച് പാദത്തിൽ പ്രതിഉപയോക്താവിന് മേലുള്ള ശരാശരി വരുമാനം (എആർപിയു) 13.5 ശതമാനം വർധിച്ച് 206.2 രൂപയിലെത്തി. 2024 മാർച്ച് പാദത്തിൽ ഇത് 181.7 രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ വരുമാനം 17.7 ശതമാനം വർധിച്ച് 33,986 കോടി രൂപയായി ഉയർന്നു. ഇതിൽ ടെലികോം സേവനവിഭാഗമായ റിലയൻസ് ജിയോയിൽ നിന്നുള്ള വരുമാനവും ഉൾപ്പെടും. 2024 മാർച്ച് പാദത്തിൽ 28,871 കോടി രൂപയായിരുന്നു പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം.
2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 22 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. 26,120 കോടി രൂപയാണ് ലാഭം. മുൻവർഷം ഇത് 21,434 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ ജിയോ പ്ലാറ്റ്‌ഫോംസിന്റെ പ്രവർത്തന വരുമാനം 17 ശതമാനം വർധനയോടെ 128218 കോടി രൂപയിലെത്തി. 2024 സാമ്പത്തിക വർഷത്തിൽ ഇത് 1,09,558 കോടി രൂപയായിരുന്നു.