
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് സിറോ മലബാര്‍ സഭ. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു സിറോ മലബാര്‍ സഭയുടെ പ്രതികരണം. മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ നടത്തിവരുന്ന പ്രസ്താവനകള്‍ നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമാണെന്ന് വാര്‍ത്താക്കുറിപ്പ് കുറ്റപ്പെടുത്തുന്നുണ്ട്.
ഛത്തീസ്ഗഡില്‍ ജയിലിലടക്കപ്പെട്ട മലയാളി സന്യാസിനിമാരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാര്‍ ജോസഫ് പാംപ്ലാനി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദിപറഞ്ഞതിനെ സിപിഐഎം നേതാക്കള്‍ അനവസരത്തില്‍ ഉയര്‍ത്തിക്കൊണ്ട് വന്നുവെന്നും വാര്‍ത്താക്കുറിപ്പ് കുറ്റപ്പെടുത്തുന്നുണ്ട്. ഇത് മാര്‍ ജോസഫ് പാംപ്ലാനിയെ ആക്ഷേപിക്കാനുള്ള ശ്രമമാണെന്നും അത് അപലപനീയമാണെന്നും വാര്‍ത്താക്കുറിപ്പ് കുറ്റപ്പെടുത്തുന്നു. സന്യാസിനിമാരുടെ മോചനം സാധ്യമാക്കുന്നതിന് സഹായിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഭരണപക്ഷ-പ്രതിപക്ഷ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും, പൊതുസമൂഹത്തിനും നന്ദി പ്രകാശിപ്പിക്കുന്ന സിറോ മലബാര്‍ സഭയുടെ ഔദ്യാഗികമായ പൊതുനിലപാട് ആവര്‍ത്തിക്കുക മാത്രമാണ് മാര്‍ ജോസഫ് പാംപ്ലാനി ചെയ്തതെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്. ഈ വിഷയത്തില്‍ തങ്ങളുടെ രാഷ്ട്രീയ താല്പര്യ സംരക്ഷണത്തിനായി ഒരു രാഷ്ട്രീയപാര്‍ട്ടി അവരുടെ വിവിധ സംവിധാനങ്ങളിലൂടെ അനവസരത്തിലുള്ള പ്രസ്താവനകള്‍ വഴി മാര്‍ ജോസഫ് പാംപ്ലാനിയെ അകാരണമായി അക്രമിക്കുകയായിരുന്നുവെന്നും സിറോ മലബാര്‍ സഭ കുറ്റപ്പെടുത്തി.
സിറോ മലബാര്‍ സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ലെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്. സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളില്‍ അധിഷ്ഠിതമാണ്. തെറ്റ് ചെയ്യുമ്പോള്‍ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും, ശരി ചെയ്യുമ്പോള്‍ അത് അംഗീകരിക്കാനും സഭയ്ക്കു മടിയില്ല. ആര്‍ക്കു എപ്പോള്‍ നന്ദി പറയണം ആരെ വിമര്‍ശിക്കണം എന്ന് സഭ തീരുമാനിക്കുന്ന പ്രക്രിയയില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇടമില്ലെന്നും പ്രസ്താവന ചൂണ്ടിക്കാണി. ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അവയുടെ സമുന്നതരായ നേതാക്കളെയും അംഗീകരിക്കുന്നതില്‍ സഭ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും സിറോ മലബാര്‍ സഭ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതേ ജനാധിപത്യ മര്യാദ രാഷ്ട്രീയ നേതാക്കള്‍ അവരുടെ പ്രസ്താവനകളിലും ഇടപെടലുകളിലും പ്രകടിപ്പിക്കണമെന്നു സഭ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നുണ്ട്.
മാര്‍ ജോസഫ് പാംപ്ലാനിയെ അകാരണമായി ഒറ്റപ്പെടുത്തി വിമര്‍ശിക്കാനുള്ള പ്രവണതയില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നുണ്ട്. ആവശ്യത്തിലധികം സംസാരിച്ച് കഴിഞ്ഞതിനാല്‍ ഈ വിഷയം ഉടന്‍ അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയും സഭ മുന്നോട്ട് വെച്ചിട്ടുണ്ട്.
പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു.