കയ്യിൽ വാളും പരിചയും പിടിച്ച് വരനും വധുവും..വിവാഹവേദിയാകട്ടെ കളരിത്തറയും..ഇത് സിനിമയിലെ രംഗമല്ല, തിരുവനന്തപുരത്തുനടന്ന ഒരു വെറൈറ്റി കല്യാണമാണ്. കളരിയിൽ വച്ച് നടന്ന 'കളരിക്കല്യാണം' ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിമാറിയിരിക്കുകയാണ്. തിരുവനന്തപുരം നേമം സ്വദേശികളായ രാഹുലും ശിൽപയുമാണ് വ്യത്യസ്തവുമായ ഒരു വിവാഹം നടത്തി താരങ്ങളായിരിക്കുന്നത്. .
രാഹുലും ശിൽപയും ചെറുപ്പം മുതൽ കളരി അഭ്യസിച്ചവരാണ് . വർഷങ്ങളായി ഇരുവരും തിരുവനന്തപുരത്തെ അഗസ്ത്യം കളരി സെന്ററിലെ പരിശീലകരുമാണ് . അതുകൊണ്ടുതന്നെയാണ് വിവാഹ വേദിയായി കളരിയെത്തന്നെ തിരഞ്ഞെടുത്തതും.
ജീവിതത്തിലെ വലിയൊരു ഭാഗവും കളരിയിലുള്ള ഞങ്ങളുടെ വിവാഹം കളരിയിൽ വാചകണമെന്ന ആഗ്രഹം ഗുരുക്കളോടാണ് പറഞ്ഞപ്പോൾ പൂർണ പിന്തുണയുമായി ഗുരുക്കളും കൂടെ നിന്നു. അങ്ങനെയാണ് കളരിക്കല്ല്യാണം യാഥാർഥ്യമായത്.
കുരുത്തോലയും തെങ്ങിൻ പൂവുമെല്ലാം വച്ച് കളരിത്തറ അലങ്കരിച്ചു. പരമ്പരാഗത വേഷമാണ് ഇരുവരും തിരഞ്ഞെടുത്തത്. വരനെ വിവാഹ വേദിയിലേക്ക് സ്വീകരിച്ചതാകട്ടെ ഉടവാൾ കൊടുത്താണ്.. നിരവധി കളരി അഭ്യാസികളുടെ അകമ്പടിയിലാണ് വരനും വധുവും വിവാഹ വേദിയിലേക്ക് എത്തിയത്. കളരിത്തറയിലൊരുക്കിയ വിവാഹ മണ്ഡപത്തിലേക്ക് കയറും മുമ്പ് പരമ്പരാഗതമായി കളരിക്ക് മുൻപ് ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്തു. ഗുരുക്കൻമാരെയും വന്ദിച്ചതിന് ശേഷമാണ് കതിർ മണ്ഡപത്തിലെത്തിയത്.