കല്യാൺ ജൂവലേഴ്‌സിന് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ 7268 കോടി രൂപ വിറ്റുവരവ്

08:34 PM Aug 07, 2025 | AVANI MV

കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് 7268 കോടി രൂപയുടെ വിറ്റുവരവ്  രേഖപ്പെടുത്തി. മുൻവർഷം ഒന്നാം പാദത്തിൽ കമ്പനിയുടെ ആകമാന വിറ്റുവരവ് 5528 കോടി രൂപ ആയിരുന്നു. 31 ശതമാനം വളർച്ച. ആകമാന ലാഭം 178  കോടി രൂപയിൽ നിന്ന് 264 കോടി രൂപയായി.  49 ശതമാനമാണ് ലാഭ വളർച്ച.ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് ആദ്യ പാദത്തിൽ 6142 കോടി രൂപയായി ഉയർന്നു. 31 ശതമാനത്തിലധികം വളർച്ച. ഇക്കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള ലാഭം 256 കോടി രൂപയായി ഉയർന്നു.  55 ശതമാനം വളർച്ച.

വിദേശ മേഖലയിൽ ഇക്കാലയളവിൽ 1,070 കോടി രൂപ വരുമാനമാണ് രേഖപ്പെടുത്തിയത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 32 ശതമാനം വളർച്ച രേഖപ്പെടുത്തി.കമ്പനിയുടെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാൻഡിയർ ഈ സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 66 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. ഒന്നാംപാദത്തിൽ കാൻഡിയറിന് 10 കോടി രുപയാണ് നഷ്‌ടം.  ഈ കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവർത്തനം വളരെ സംതൃപ്തി നല്‌കുന്നതായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.