+

കാഞ്ഞിരപ്പള്ളിയിൽ സഹോദരനേയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസ് : വിധി ഇന്ന്

കാഞ്ഞിരപ്പള്ളിയിൽ സഹോദരനേയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസ് : വിധി ഇന്ന്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും, മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിൽ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യു സ്കറിയ എന്നിവരെ വെടിവെച്ച് കൊന്ന കേസിലാണ്, പ്രതി ജോർജ് കുര്യന് ശിക്ഷ വിധിക്കുക. നേരത്തെ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

സ്വത്ത് തർക്കത്തെ തുടർന്ന് 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ ജോർജ് കുര്യനാണ് പ്രതി എന്ന് കണ്ടെത്തിയിരുന്നു.

76 സാക്ഷിമൊഴികൾ 278 പ്രമാണങ്ങൾ , 75 സാഹചര്യ തെളിവുകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതമെന്ന് പ്രൊസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. ബാലിസ്റ്റിക് പരിശോധന റിപ്പോർട്ടും ഡിഎൻഎ റിപ്പോർട്ടും അടക്കം അന്വേഷണത്തിൽ നിർണായകമായി. അടുത്ത ബന്ധുക്കൾ ഉൾപ്പെടെ എല്ലാവരും കൂറുമാറിയ കേസിലാണ് സുപ്രധാന വിധി.

സുപ്രീംകോടതിയടക്കം വിവിധ കോടതികളിൽ ജാമ്യഹർജികൾ നൽകിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്ന് വിചാരണ തടവുകാരനായി ഇയാൾ കോട്ടയം സബ് ജയിലിൽ കഴിഞ്ഞുവരികയാണ്. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതിൽ കുറ്റപത്രം സമർപ്പിച്ചത്.

facebook twitter