ഇവിടെയുണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ ആംബുലൻസ് ഡ്രൈവർ; ഇരിക്കൂറിന് സാന്ത്വനമായ അബ്ദുൾ റാസിഖ്

11:41 AM Dec 23, 2024 | Litty Peter

ഇരിക്കൂർ: ഇരിക്കൂറിലുണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ആംബുലൻസ് ഡ്രൈവർ. തൻ്റെ ആംബുലൻസിലുള്ള രോഗിയുടെ
ജീവൻ രക്ഷിക്കാനായി കുതിച്ചു പായുമ്പോഴും റോഡിലെ മറ്റു വാഹന യാത്രക്കാരുടെയും ജീവന് കരുതൽ കൂടി ഈ ഡ്രൈവർക്കുണ്ട്.
മരണമടഞ്ഞവരുടെ ഭൗതിക ശരീരവുമായി മടങ്ങുമ്പോൾ ദുഃഖ സാന്ദ്രനാണ് ഇരിക്കൂർ താഴെ പുരയിൽ ടി.പി അബ്ദുൾ റാസിഖെന്ന (42) ആംബുലൻസ് ഡ്രൈവർ.

തൻ്റെ ആംബുലൻസിൽ കയറുന്ന ഓരോ ആളും തൻ്റെ കുടുംബാംഗമാണെന്ന വിചാരമാണ് ഈ മനുഷ്യ സ്നേഹിക്ക്. അതുകൊണ്ടുതന്നെ വാക്കുകൊണ്ടോ നോക്കു കൊണ്ടോ മറ്റുള്ളവരോട് അസഹിഷ്ണുത കാണിക്കാറില്ല. നന്നെ ദരിദ്രമായ കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങൾ മരിച്ചു കഴിഞ്ഞാൽ മൃതദേഹമെത്തിക്കുന്ന ജോലി സൗജന്യമായി ചെയ്യാറുണ്ടെന്ന് അബ്ദുൾ റാസിഖ് പറയുന്നു. അതാരും പറഞ്ഞിട്ടോ ആവശ്യപ്പെട്ടിട്ടോ അല്ല. ഉള്ളിൽ തോന്നുന്ന കനിവു മാത്രമാണ് കാരണം. ഇതിന് കൂലി പടച്ചോൻ തനിക്ക് നൽകുമെന്നാണ് ഇദ്ദേഹത്തിൻ്റെ വിശ്വാസം.

കൊവിഡ് കാലത്ത് മലയോരത്ത് മരണങ്ങൾ തുടർച്ചയായി നടക്കുമ്പോൾ ജീവൻ പണയം വെച്ചാണ് അബ്ദുൾ റാസിഖ് തൻ്റെ ജോലി ചെയ്തത്. മറ്റാരും കടന്ന് ചെല്ലാൻ ധൈര്യം കാണിക്കാത്ത സ്ഥലങ്ങളിൽപ്പോയും അബ്ദുൾ റാസിഖ് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹങ്ങളെടുത്ത് ആരോഗ്യ വകുപ്പ് നിർദ്ദേശപ്രകാരമുള്ള മാന്യമായ അന്തിമോപചാര ചടങ്ങുകൾ നടത്താൻ നേതൃത്വം നൽകി. ഇതിന് ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. 

Trending :

ഇംഗ്ലീഷ് വാലി പബ്ളിക്ക് സ്കൂൾ, ഇരിക്കൂർ മർച്ചൻ്റ്സ് അസോസിയേഷൻ, ജി.സി.സി.കെ. എം. സി.സി ഇരിക്കൂർ യൂനിറ്റ്, ഡി.വൈ.എഫ്.ഐ ഇരിക്കൂർ മേഖലാ കമ്മിറ്റി, എസ്.വൈ.എസ് തുടങ്ങിയ സംഘടനകളും നാടും നാട്ടുകാരും വിശേഷ വേളകളിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 

കഴിഞ്ഞ 15 വർഷമായി റാസിഖ് ആംബുലൻസ് ഡ്രൈവറായി ഇരിക്കൂർ ടൗണിൽ പ്രവർത്തിക്കുന്നുണ്ട്. ഏതു സമയവും 9446502502 എന്ന നമ്പറിൽ വിളിച്ചാൽ വിളിപ്പുറത്ത് അബ്ദുൾ റാസിഖുണ്ട്. ഏവിടെയായാലും തൻ്റെ ആംബുലൻസുമായി കുതിച്ചെത്തും. അത്യാസന്ന നിലയിലുള്ള രോഗികളുടെ ബന്ധുക്കൾക്ക് കൈത്താങ്ങായി അവരിലൊരാളായി മാറും. 

രോഗിയുടെ ജീവൻ രക്ഷിക്കുകയെന്നത് അവരുടെ കുടുംബത്തിനെപ്പോലെ റാസിഖിൻ്റെയും ആവശ്യമായി മാറുകയാണ്. കുടുംബാംഗങ്ങളിൽ ഒരാളായി മാറുകയാണ് റാസിഖിവിടെ. കാരുണ്യവും അലിവും ചേർന്ന ഈ മനുഷ്യ സ്നേഹിയുടെ ഇടപെടലുകൾ പ്രതിസന്ധി ഘട്ടത്തിൽ കണ്ണീരു വാർക്കുന്ന  രോഗികളുടെ ബന്ധുക്കളുടെ മനസിന് നൽകുന്ന കരുത്തും ധൈര്യവും ചെറുതല്ല. ഇരിക്കൂർ മേഖലയിലെ ഒട്ടുമിക്ക കുടുംബങ്ങളും റാസിഖിൻ്റെ ഈ സ്നേഹം അനുഭവിച്ചവരാണ്. 

അതൊക്കെ പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിക്കൂർ യൂനിറ്റിൻ്റെ ആംബുലൻസ് ഡ്രൈവറാണ് അബ്ദുൾ റാസിഖ്. താൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഘടനയുടെ പൂർണ പിൻതുണയുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഇരിക്കൂർ ഡയനാമോസ് ഗ്രൗണ്ടിന്ന് സമീപമാണ് താമസിക്കുന്നത്. ഹയറുന്നിസയാണ് ഭാര്യ. റാഫിയ, സന,റാഫിൽ എന്നിവർ മക്കളാണ്.