വളപട്ടണം മന്നയിലെ മോഷണ കേസിലെ പ്രതി ലിജേഷിനെതിരെ കീച്ചേരി വീട് കുത്തി തുറന്ന് കവർച്ച നടത്തിയതിലും കേസെടുത്തു

09:20 PM Dec 23, 2024 | Neha Nair

കണ്ണൂർ : കീച്ചേരി കവർച്ചയിലും വളപട്ടണം മന്നയിലെ കവർച്ചാ കേസിലെ പ്രതിലിജേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാപ്പിനിശ്ശേരി കീച്ചേരിയിലെ പ്രവാസി വ്യവസായി നിയാസിന്റെ വീട്ടിൽ കഴിഞ്ഞ വർഷം നടന്ന കവർച്ചാ കേസിലാണ് മന്ന സ്വദേശി ലിജേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ കേസിൽ ലിജേഷിനെ കണ്ണൂർ കോടതി തിങ്കളാഴ്‌ച പോലിസ് കസ്റ്റഡിയിൽ വിട്ടു.4.5 ലക്ഷം രൂപയും 11 പവൻ സ്വർണ്ണവുമാണ് കീച്ചേരിയിൽ നിന്നും കവർന്നത്. വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ എസ്ഐ പി ഉണ്ണികൃഷ്‌ണനാണ് കേസ് അന്വേഷിക്കുന്നത്.

നേരത്തെ വളപട്ടണം മന്നയിലെ അരി വ്യാപാരിയായിരുന്ന അഷ്റഫിൻ്റെ വീട് കുത്തി തുറന്ന് ഒന്നേകാൽ കോടിയും 225 സ്വർണ - വജ്രാഭരണങ്ങളും അയൽവാസിയായ ലിജേഷ് കവർന്നിരുന്നു. ഈ കേസിൽ അറസ്റ്റിലായതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കീച്ചേരിയിലെ പ്രവാസിയുടെ വീട്ടിൽ കവർച്ച നടത്തിയത് താൻ തന്നെയാണെന്ന് പ്രതി കുറ്റസമ്മതം നടത്തിയത്. രണ്ടു വീടുകളിൽ നിന്നും ലഭിച്ച വിരലടയാളം ഒന്നുതന്നെയാണെന്ന് പൊലിസ് സ്ഥിരീകരിച്ചിരുന്നു.