കണ്ണൂർ : ആടിയും പാടിയും കളിച്ചും രസിച്ചും പഠിച്ചുമുള്ള ആഹ്ലാദത്തിമിർപ്പിൽ കടന്നുപോയ മൂന്നു ദിനങ്ങളും അവധിയായിരുന്നുവെന്നവർ മറന്നുപോയി. തളാപ്പ് ഗവ.യു.പി.സ്കൂളിൽ മൂന്നുദിനങ്ങളായി നടന്നു വന്ന മിക്സഡ് വൈബ്സ് 2024 ൽ പങ്കെടുത്ത മുഴുവൻ കുട്ടികളും സഹവാസക്യാമ്പ് നീട്ടണമെന്ന അഭിപ്രായക്കാരായിരുന്നു.
ലവ് ഇംഗ്ലീഷ് ലിവ് ഇംഗ്ലീഷ്,നടനം അനായാസം, കളിയും ചിരിയും, ശാസത്രം പരീക്ഷണങ്ങളിലൂടെ, സ്വയം അറിയാം ഉയരങ്ങൾ താണ്ടാം, കരകൗശലം, കണക്കിനോടൊരു കിന്നാരം, എൽ.ഇ.ഡി ബൾബ് നിർമ്മാണം എന്നിവയ്ക്ക് അജ്മൽ പലേരി, അനിൽകുമാർ നടക്കാവ്, പ്രജീഷ് വേങ്ങ, എം.പി.സനിൽകുമാർ, എ.വി.രത്‌നകുമാർ, ജനു ആയിച്ചാൻകണ്ടി, ആർ.രവീന്ദ്രനാഥ്, പ്രവീൺ രുഗ്മ, ബി.പി.സജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.
പി.ടി.എ പ്രസിഡണ്ട് പി.ഷാജിയുടെ അധ്യക്ഷതയിൽ ടി.പി.രാജീവൻ ഉദ്ഘാടനം ചെയ്തു. സമാപനത്തിൽ കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻ്റിഡിങ് കമ്മറ്റി ചെയർമാൻ എം.പി.രാജേഷ് അധ്യക്ഷത വഹിച്ചു.സംവിധായകൻ രാകേഷ് കെ.രാജൻ ഉദ്ഘാടനം ചെയ്തു.എ.ഇ.ഒ ഒ.പി.പ്രസന്നകുമാരി മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ ടി.സി.സുനിൽകുമാർ സ്വാഗതവും പി.പി. ശ്രീലേഷ് നന്ദിയും പറഞ്ഞു.