കണ്ണൂർ: ജി.എസ്.ടി.യിലെ അപാകതകൾ പരിഹരിക്കുക. കെട്ടിട വാടകയിലെ 18 ശതമാനം ജി.എസ്.ടി ഒഴിവാക്കുക. ഓൺലൈൻ വ്യാപാരം നിയമം മൂലം നിയന്ത്രിക്കുക. ചെറുകിട വ്യാപാര മേഖലയിലെ പ്രതൃക്ഷ വിദേശ നിക്ഷേപം ഒഴിവാക്കുക, വാടക നിയന്ത്രണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാർലമെൻ്റ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഫെബ്രുവരി 13 ന് നടക്കുന്ന പാർലമെൻ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ്. ബിജുവിൻ്റെ നേതൃത്വത്തിൽ വ്യാപാര സംരക്ഷണ സന്ദേശജാഥ നടത്തും. 13 ന് കാസർകോട് നിന്നും പുറപ്പെട്ടു 25ന് തിരുവനന്തപുരത്ത് സമാപിക്കും. അന്നേ ദിവസം വൈകിട്ട് 4 ന് പയ്യന്നൂരിൽ ആദ്യ സ്വീകരണം നൽകും. 14 ന് രാവിലെ 10മണിക്ക് കണ്ണൂർ പഴയ ബസ്റ്റാൻഡ്, 11ന് തലശേരി, പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം നൽകിയ ശേഷം വൈകിട്ട് അഞ്ചിന് പേരാവൂരിൽ സമാപിക്കും.
വ്യാപാര സംരക്ഷണ ജാഥ കാസർകോട് സംസ്ഥാന പ്രസിഡൻ്റ് വി.കെ.സി മമ്മദ് കോയയും 25ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം മുൻ മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് പി. വിജയൻ, പി.എം ജില്ലാ സെക്രട്ടറി പി.എം സുഗുണൻ, എം.എ ഹമീദ് ഹാജി, പങ്കജവല്ലി, ചാക്കോ മുല്ലപ്പള്ളി എന്നിവർ പങ്കെടുത്തു.