കളി ചിരിയില്ലാത്ത ലോകത്തേക്ക് മറഞ്ഞു; പയ്യാമ്പലത്ത് ജീപ്പിടിച്ചു മരിച്ച മുഹാദിന് നാടിൻ്റെ യാത്ര മൊഴി

03:10 PM Jan 20, 2025 | AVANI MV

കണ്ണൂർ: കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലത്ത് ജീപ്പിടിച്ചു മരിച്ച ആറു വയസുകാരന് പൊതുവാച്ചേരി ഗ്രാമം യാത്രാമൊഴി നൽകി. ഇന്ന് ഉച്ചയോടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മുഹാദിൻ്റെ ഭൗതിക ശരീരം പൊതുവാച്ചേരി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മുഹാദ് പഠിച്ചിരുന്ന മൗവ്വഞ്ചേരി അൽ അബീർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഭൗതിക ശരീരം പൊതുദർശനത്തി വെച്ചപ്പോൾ അധ്യാപകരും സഹപാഠികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപിച്ചു.
 ഇന്നലെ ഉച്ചയോടെ കുടുംബത്തോടൊപ്പം അവധി ദിവസം ആഘോഷിക്കാനെത്തിയ കുടുംബത്തിലെ  ആറു വയസുകാരനായ കുട്ടിയാണ് അതിദാരുണമായി മരിച്ചത്. സംഭവത്തിൽ ജീപ്പ് ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.

പള്ളിയാംമൂല ബീച്ച് റോഡ് മുറിച്ചു കടക്കുകയായി കുട്ടിയാണ് അമിത വേഗത്തിൽ സഞ്ചരിച്ചജീപ്പിടിച്ച് കൊല്ലപ്പെട്ടത്. ആറു വയസുകാരനായ പൊതുവാച്ചേരി കണ്ണോത്തും ചിറയിലെ മുഹാദാണ് മരിച്ചത്. മൗവ്വഞ്ചേരി അൽ അബീർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹാദ്'ഞായറാഴ്ച്ച വൈകീട്ട് നാല് മണിയോടെ
യാണ് അപകടം. ബന്ധുക്കളോടൊപ്പം പയ്യാമ്പലം ബീച്ചിൽ  എത്തിയതായിരുന്നു മുഹാദ്. ബന്ധുക്കളോടൊപ്പം കുട്ടി റോഡ് മുറിച്ച് കടക്കവേ പള്ളിയാംമൂല ഭാഗത്ത് നിന്നും പയ്യാമ്പലത്തേക്ക് വരികയായിരുന്ന കെഎൽ10 എൽ 5653 ജീപ്പ് ഇടിക്കുകയായിരുന്നു. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രവാസിയായ പൊതുവാച്ചേരി ഖലീഫ മൻസിലിലെ വി എൻ മുഹമ്മദ് കുഞ്ഞിയുടെയും  ഷരീഫയുടെയും മകനാണ്.  സഹോദരങ്ങൾ : എളയാവൂർ സി എച്ച് എം ഹയർ സെക്കൻ്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ,  മൂന്നു വയസ്സുകാരൻ അമ്മാർ.