കൊണ്ടോട്ടിയിൽ നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കണ്ണൂർ വിമാനതാവളത്തിൽ അറസ്റ്റിൽ

07:37 PM Jan 20, 2025 | Neha Nair

മട്ടന്നൂർ : കൊണ്ടോട്ടിയിൽനിറത്തിന്‍റെ പേരിൽ അപമാനം നേരിട്ടതിനെ തുടര്‍ന്ന് മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ മലപ്പുറം മൊറയൂർ സ്വദേശി അബ്ദുൾ വാഹിദാണ് അറസ്റ്റിലായത്.  

വിദേശത്തു നിന്നും കണ്ണൂർ മട്ടന്നൂരിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മലപ്പുറം കൊണ്ടോട്ടിയിൽ ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ ദിവസമാണ് ഷഹാനയുടെ ആത്മഹത്യയിൽ ഭര്‍ത്താവ് അബ്ദുള്‍ വാഹിദിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തിയത്.

ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഭർത്താവ് അബ്ദുൾ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് ഷഹാന മുംതാസ് എന്ന 19കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റേയും കുടുംബത്തിന്‍റെയും മാനസിക പീഡനമാണ് ഷഹാന മുംതാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.

നിറത്തെച്ചൊല്ലി ഷഹാനയെ ഭര്‍ത്താവ് എപ്പോഴും കളിയാക്കിയിരുന്നു. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതിൽ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും പെൺകുട്ടിയുടെ മുന്നിൽ വെച്ച് ഭർതൃ മാതാവ് ചോദിച്ചതായി പരാതിയുണ്ട്.