കണ്ണൂരിൽ പട്ടാപ്പകൽ കടയിലെ മേശവലിപ്പിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന മോഷ്ടാവ് ഓടി രക്ഷപ്പെട്ടു

12:00 PM Jan 22, 2025 | AVANI MV

ശ്രീകണ്ഠാപുരം :പട്ടാപ്പകല്‍ കടയിലെ മേശവലിപ്പില്‍ നിന്നും അജ്ഞാതന്‍ ഒരു ലക്ഷം രൂപ കവര്‍ച്ച ചെയ്തു.ചെമ്പേരി പൂപ്പറമ്പിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ കൈതക്കല്‍ സ്റ്റോറിലാണ് ഇന്നലെ വൈകുന്നേരം 5.15ന് കവര്‍ച്ച നടന്നത്.

പൂപ്പറമ്പിലെ കൈതക്കല്‍ വീട്ടില്‍ മനോജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലായിരുന്നു കവര്‍ച്ച.മനോജ് ജോസഫ് അടുത്ത കടക്കാരനോട് പറഞ്ഞേല്‍പ്പിച്ച ശേഷം ചായകുടിക്കാനായി കടക്ക് പുറത്തേക്ക് പോയപ്പോഴാണ് സംഭവം നടന്നത്.

മേശവലിപ്പില്‍ ബാഗില്‍ സൂക്ഷിച്ച പണം എടുത്ത് മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു.ഇയാളുടെ സി.സി.ടി.വി ക്യാമറ ദൃശ്യം ലഭിച്ചിട്ടുണ്ട്.നാട്ടുകാര്‍ക്ക് പരിചിതനല്ലാത്ത ഇയാള്‍ രാവിലെ മുതല്‍ തന്നെ പൂപ്പറമ്പ് ടൗണില്‍ കറങ്ങി നടക്കുന്നത് പലരും കണ്ടതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

കുടിയാന്‍മല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നീല ഷർട്ടും മുണ്ടും ഉടുത്തയാളാണ് മോഷ്ടാവ്. ഇയാൾക്ക് സഹായികളുണ്ടോയെന്ന കാര്യം വ്യക്തമല്ല.