കണ്ണൂർ മാലൂരിൽ അമ്മയെ തല ചുമരിൽ ഇടിച്ച് കൊന്നതിനു ശേഷം മകൻ ജീവനൊടുക്കിയതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

08:41 PM Jan 22, 2025 | Neha Nair

കണ്ണൂർ : മാലൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മകൻ സുമേഷ് അമ്മയെ കൊലപ്പെടുത്തിയത് തല ചുമരിൽ ഇടിച്ചാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് വന്ന വിവരം.

 നിർമ്മലയുടെ തലയ്ക്ക് മാരകമായ ക്ഷതമേറ്റിട്ടുണ്ട് ഇതു കൂടാതെ ശരീരത്തിൽ ചവിട്ടേറ്റതിൻ്റെ ക്ഷതവുമുണ്ട്. അമ്മയുടെ തല ചുമരിൽ ഇടിച്ചതിനു ശേഷം മരിച്ചെന്ന് ഉറപ്പുവരുത്തി സുമേഷ് കട്ടിലിൽ കിടത്തിയതിനു ശേഷം ഡൈനിങ് റൂമിലെ ഫാനിൽ തൂങ്ങി മരിച്ചതാകാമെന്ന് മാലൂർ പൊലിസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

നിർമ്മലയുടെ തലയ്ക്കും മുഖത്തും പരുക്കുകൾ ഉണ്ടായിരുന്നു. വീടിൻ്റെ ചുമരിലും അടുക്കളയിലും ഹാളിലും രക്തക്കറ കണ്ടെത്തിയിരുന്നു. ചുമരിൽ തെറിച്ച രക്തം തുടച്ചു മാറ്റാൻ സുമേഷ് ശ്രമിച്ചിരുന്നു. നിർമ്മല യെ കൊന്നതിനു ശേഷം കിടക്കയിൽ കിടത്തിയതാവാമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. പൊലിസ് നായ വീട്ടിൽ മണം പിടിച്ചു ഓടിയതല്ലാതെ പുറത്തേക്ക് പോയിരുന്നില്ല.

പേരാവൂർ ഡി.വൈ.എസ്പി കെ.വി പ്രമോദൻ, മാലൂർ പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷണം നടത്തിയത്. സ്ഥിരം മദ്യപാനിയായ സുമേഷ് നിരന്തരം മദ്യ ലഹരിയിൽ വീട്ടിലെത്തി അമ്മയെ ശാരീരകമായി ഉപദ്രവിച്ചിരുന്നതായി അയൽവാസികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.