തളിപ്പറമ്പ : സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷസിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും നടത്തിയ പണിമുടക്ക് ചരിത്ര വിജയമായിരുന്നുവെന്നും ഇത് ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത സർക്കാറിനുള്ള താക്കീതാണെന്നും സെറ്റോ തളിപ്പറമ്പ താലൂക്ക് കമ്മറ്റി അഭിപ്രായപ്പെട്ടു.
വികലമായ മെഡിസെപ്പ് അടിച്ചേൽപ്പിച്ചും 19% ക്ഷാമബത്ത കുടിശ്ശികയാക്കിയും ജീവനക്കാരുടെയും അധ്യാപകരുടെയും ജീവിതം ദുരിതപൂർണ്ണമാക്കിയ സർക്കാറിൻ്റെ കണ്ണു തുറപ്പിക്കാനുള്ള അവസാന ശ്രമമാണ് ഇന്നു നടന്ന പണിമുടക്കെന്നും താലൂക്ക് കമ്മറ്റി കൂട്ടിച്ചേർത്തു.
തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുള്ള ഒട്ടുമിക്ക സർക്കാർ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവർത്തനങ്ങളെ പണിമുടക്ക് ബാധിച്ചു.തളിപ്പറമ്പ താലൂക്ക് ഓഫീസിനു കീഴിലുള്ള 28 വില്ലേജുകളിൽ 19 വില്ലേജിലും വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ പണിമുടക്കിയതു കാരണം പ്രവർത്തനം തടസ്സപ്പെട്ടു. തളിപ്പറമ്പ മിനി സിവിൽ സ്റ്റേഷനിലും ജീവനക്കാരുടെ പണിമുടക്ക് പ്രവർത്തനങ്ങളെ ബാധിച്ചു.
തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഭൂരിഭാഗം സ്കൂളുകളുടെയും പ്രവർത്തനം സെറ്റോ സംഘടനകളുടെ സമരം കാരണം തടസ്സപ്പെട്ടു.
ജീവനക്കാരുടെ 65000 കോടി വരുന്ന ആനുകൂല്യങ്ങൾ കവർന്നെടുത്ത സർക്കാറിനെതിരെയുള്ള പണിമുടക്കിൽ പങ്കാളികളായ മുഴുവൻ ജീവനക്കാരെയും സെറ്റോ താലൂക്ക് കമ്മറ്റി അഭിനന്ദിച്ചു. പണിമുടക്കിയ ജീവനക്കാർ സെറ്റോ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ പ്രകടനം നടത്തി.