മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

09:59 PM Jan 23, 2025 | Litty Peter

മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 25  മുതൽ 28 വരെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.19 വർഷത്തിന് ശേഷമാണ് മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം നടക്കുന്നത്.

24 ന് വൈകിട്ട് നാല് മണിക്ക് കുറ്റൂർ കണ്ണങ്ങാട് നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ പെരുങ്കളിയാട്ട മഹോത്സവത്തിന് തുടക്കമാകും. 25 ന് രാവിലെയാണ് ആചാരപരമായ ചടങ്ങുകൾ ആരംഭിക്കുക. ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ രാവിലെ ഗണപതി ഹോമവും ശുദ്ധികലശവും നടക്കും. തുടർന്ന് കലശം കുളി, വെള്ളോല കുടവെപ്പ്, ഭഗവതിയുടെ തോറ്റത്തിനുള്ള പീഠം ഏറ്റുവാങ്ങൽ, തൃപ്പന്നിക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും കൊണ്ടുവരൽ, കുഴിയടുപ്പിൽ തീപൂട്ടൽ എന്നിവ നടക്കും. തുടർന്ന് തെയ്യങ്ങളുടെ തോറ്റവും ഉണ്ടാകും.

25 ന് ക്ഷേത്ര പരിസരത്ത് നടക്കുന്ന സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ടി.ഐ.മധുസൂതനന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കരിവെള്ളൂര്‍ വല്യച്ഛന്‍ പ്രമോദ് കോമരം ഭദ്രദീപം തെളിയിക്കും. കെ.സി.വേണുഗോപാല്‍ എം.പി, എം.വി.ജയരാജന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

Trending :

26 ന് പുലർച്ചെ 2 മണി മുതൽ പുലിയൂർ കണ്ണൻ, തൊണ്ടച്ചൻ , തായപരദേവത, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി, വിഷ്‌ണുമൂർത്തി , മടയിൽചാമുണ്ഡി,കുണ്ടോർചാമുണ്ഡി തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. വൈകിട്ട് 3 മണിയ്ക്ക് ശേഷം തെയ്യങ്ങളുടെ തോറ്റവും വെള്ളാട്ടവും ഉണ്ടാകും. 26 ന് സാംസ്ക്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.വിജിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്.പി കെ.വി.വേണുഗോപാല്‍ മുഖ്യാതിഥിയാവും.

27 ന് പുലർച്ചെ 2 മണി മുതൽ തെയ്യങ്ങളുടെ പുറപ്പാടും ഉച്ചയ്ക്ക് 12 മണിക്ക് അടിച്ചുതെളി തോട്ടവും ഉണ്ടാകും. 2 മണിക്ക് ദേവകൂത്ത് 3.30 ന് മംഗലംകുഞ്ഞുങ്ങളോടുകൂടിയ തോറ്റവും ഉണ്ടാകും തുടർന്ന് തെയ്യങ്ങളുടെ തോറ്റവും വെള്ളാട്ടവും ഉണ്ടാകും. 27 ന് സാംസ്കാരിക പരിപാടികളുടെ സമാപന സമ്മേളനം രമേഷ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ ടി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കും.  

കളിയാട്ടത്തിന്റെ സമാപന ദിവസമായ 28 ന് മടയിൽ ചാമുണ്ഡി, പുലിയൂർകണ്ണൻ, തലച്ചിറവൻ ദൈവം, തൊണ്ടച്ചൻ, തായപരദേവത ,നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി, വിഷ്‌ണുമൂർത്തി, കുണ്ടോർചാമുണ്ഡി, ഗുളികൻ തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് 1 മണിയ്ക്ക് മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി നിവരും. കളിയാട്ട ദിവസങ്ങളിൽ ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കും.

അതേസമയം പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി മാതമംഗലം ടൗണിലും സമീപ പ്രദേശങ്ങളിലുമുണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കാൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബസുകൾ ഒഴികെയുളള വാഹനങ്ങൾ കുറ്റൂർ - പള്ളിമുക്ക് - ചരൽള്ള - പാണപ്പുഴ റോഡ് വഴിയാണ് മാതമംഗലത്ത് പ്രവേശിക്കേണ്ടത്. മാതമംഗലത്ത് നിന്ന് കുറ്റൂർ, വെള്ളോറ, ഓലയമ്പാടി ഭാഗത്തേക്ക് പോകേണ്ടവരും ഈ വഴി തന്നെയാണ് ഉപയോഗിക്കേണ്ടത്. ബസുകൾ മാതമംഗലം ടൗണിലൂടെ തന്നെ സർവീസ് നടത്തും.

പെരുങ്കളിയാട്ട ദിവസങ്ങളിൽ മാതമംഗലം ടൗണിലെ അനധികൃത പാർക്കിംഗ്, വഴിയോര കച്ചവടം എന്നിവ ഒഴിവാക്കണം. പെരുങ്കളിയാട്ട ദിവസങ്ങളിൽ ആവശ്യമായ പ്രദേശങ്ങളിലേക്ക് അധിക സർവീസ് നടത്താമെന്ന് ബസ് ഓണേർസ് പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. മാതമംഗലം ടൗണിൻ്റെ എല്ലാ ഭാഗങ്ങളിലും നിരവധി പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

വാർത്ത സമ്മേളനത്തിൽ എം .ശ്രീധരൻ, വി.കെ.കുഞ്ഞപ്പൻ ,വി.പി.മോഹനൻ, പി .സി .ബാലകൃഷ്ണൻ ,സി.എൻ കഷ്ണൻ നായർ , ദിനേഷ് മറുവൻ , പി.സി.രാജീവ് കുമാർ, പി.സി.നാരായണൻ,എൻ.വി.തമ്പാൻ വി.പി കൃഷ്ണൻ , എം.വിനോദ് ,അജിത്ത് പി.വി എന്നിവർ പങ്കെടുത്തു