+

നാട്ടിലെ ചെറുപ്പക്കാർക്ക് അനുയോജ്യമായ വ്യവസായങ്ങൾ തുടങ്ങാൻ നിക്ഷേപകർ തയ്യാറാകണം: മന്ത്രി പി രാജീവ്

കേരളത്തിലെ ചെറുപ്പക്കാരുടെ നൈപുണ്യശേഷിയ്ക്ക് അനുയോജ്യമായ വ്യവസായങ്ങൾ തുടങ്ങാൻ നിക്ഷേപകർ തയ്യാറാകണമെന്ന് വ്യവസായ-നിയമ-കയർ മന്ത്രി പി രാജീവ് പറഞ്ഞു.

കണ്ണൂർ: കേരളത്തിലെ ചെറുപ്പക്കാരുടെ നൈപുണ്യശേഷിയ്ക്ക് അനുയോജ്യമായ വ്യവസായങ്ങൾ തുടങ്ങാൻ നിക്ഷേപകർ തയ്യാറാകണമെന്ന് വ്യവസായ-നിയമ-കയർ മന്ത്രി പി രാജീവ് പറഞ്ഞു. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി സംസ്ഥാന വ്യവസായവകുപ്പ് നടത്തുന്ന മലബാർ കോൺക്ലേവ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ അഭ്യസ്തവിദ്യരും നൈപുണ്യ ശേഷിയുമുള്ള ചെറുപ്പക്കാർക്ക് അനുയോജ്യമായ വ്യവസായം വന്നാൽ കൂടുതൽ ശോഭനമായ തൊഴിൽ സാധ്യത ഇവിടെ തന്നെ രൂപപ്പെടുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ വളർച്ചയ്ക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് മലബാറിലേതെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി.

സംരംഭക വർഷം പദ്ധതി പ്രകാരം ഏതാണ്ട് 2300 കോടി രൂപയുടെ നിക്ഷേപമാണ് മലബാർ മേഖലയിലുണ്ടായത്. ഇത് സമൂഹത്തിൽ നിന്ന് തന്നെ സ്വരുക്കൂട്ടിയ നിക്ഷേപമാണെന്നത് പ്രാധാന്യമർഹിക്കുന്നു. 50,000 ലധികം തൊഴിലവസരമാണ് ഇതു വഴി മലബാർ മേഖലയിൽ സാധ്യമായത്. മലബാറിൽ ഏറെ സാധ്യത കൽപ്പിക്കുന്ന മട്ടന്നൂർ വ്യവസായ പാർക്കിൻറെ 500 ഏക്കറിന്റെ മാസ്റ്റർ പ്ലാൻ തയ്യാറായിക്കഴിഞ്ഞു. അടുത്ത 500 ഏക്കറിൻറെ കൂടി ഉടൻ സാധ്യമാകും. പാലക്കാട് മാതൃകയിൽ മാളുകൾ, പാർപ്പിട സമുച്ചയങ്ങൾ, എന്നിവയടങ്ങുന്ന സ്മാർട്ട് വ്യവസായ പാർക്കാണ് മട്ടന്നൂരിൽ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കാസർകോട്ട് പ്ലാൻറേഷൻ കോർപറേഷന്റെ 100 ഏക്കർ ഭൂമിയിൽ വ്യവസായപാർക്ക് കൊണ്ടു വരും. കാഞ്ഞങ്ങാട് വ്യവസായപാർക്ക്, ചീമേനി ഐ ടി പാർക്ക് എന്നിവയും വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്ത് സ്വകാര്യ വ്യവസായപാർക്കിനായി 31 ലൈസൻസ് നൽകി. അതിൽ 11 എണ്ണം മലബാറിലെ നാല് ജില്ലകളിലാണ്. ഫെബ്രുവരിയ്ക്ക് മുമ്പ് സംസ്ഥാനത്ത് 50 സ്വകാര്യ വ്യവസായപാർക്കുകൾക്ക് അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു. ശരാശരി 100 കോടി മൊത്ത വരുമാനമുള്ള ആയിരം കമ്പനികൾ വിഭാവനം ചെയ്യുന്ന മിഷൻ 1000 പദ്ധതിയിൽ മലബാർ മേഖലയ്ക്ക് കാര്യമായ സംഭാവന നൽകാനാവുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Minister P Rajeev said that investors should be ready to start industries suitable for the youth of the country

വ്യവസായ അന്തരീക്ഷത്തിലുണ്ടായിരുന്ന നിഷേധാത്മക സമീപനം മാറ്റിയ വ്യവസായമന്ത്രി പി രാജീവിൻറെ ഇടപെടൽ അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ അധ്യക്ഷനായ കെ വി സുമേഷ് എംഎൽഎ പറഞ്ഞു. മലബാറിലെ മത്സ്യബന്ധന സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇൻവസ്റ്റ് കേരള  ഉച്ചകോടിയെക്കുറിച്ചും സംസ്ഥാന വ്യവസായവകുപ്പിന്റെ പുതിയ ഉദ്യമങ്ങളെക്കുറിച്ചും വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അവതരണം നടത്തി. വിഴിഞ്ഞം വഴി ഷിപ്പിംഗ് ഇടപാടുകൾ നടത്തിയാൽ ഒരു യാത്രയിൽ 1.51 കോടി രൂപ ലാഭമാണെന്ന് ദുബായിലെ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾ അറിയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ വ്യവസായങ്ങൾക്ക് നികുതി ഇളവ് അല്ല മറിച്ച് അടിസ്ഥാന സൗകര്യങ്ങളാണ് വേണ്ടതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കെഎസ്‌ഐഡിസി ഡയറക്ടറും വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് എംഡിയുമായ പി കെ മായൻ മുഹമ്മദ് ചൂണ്ടിക്കാട്ടി. മലബാറിലെ വ്യവസായ ആവാസവ്യവസ്ഥ എന്ന വിഷയത്തിൽ പ്രമുഖ വ്യവസായിയും വികെസി ഗ്രൂപ്പ് എംഡിയുമായ വികെസി റസാഖ് സംസാരിച്ചു.

വ്യവസായവകുപ്പ് ഡയറക്ടർ മിർ മുഹമ്മദ് അലി, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ, ഇൻവെസ്റ്റ് കേരള ഒഎസ്ഡി വിഷ്ണുരാജ് പി,  കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹരി കൃഷ്ണൻ ആർ തുടങ്ങിയവർ സംസാരിച്ചു. കോൺക്ലേവിൽ പങ്കെടുത്ത പ്രതിനിധികളും മന്ത്രിയുമായി ചോദ്യോത്തരവേളയും നടന്നു.

facebook twitter