സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ ഒരുക്കിയ ചരിത്ര ചിത്ര പ്രദർശനം ശ്രദ്ധേയമാവുകയാണ്..കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം മാത്രമല്ല, സ്വാതന്ത്ര്യ സമരവും നവോത്ഥാന സമരങ്ങളും ഓർമിപ്പിക്കുന്നതാണ് ഈ ചരിത്ര ചിത്രപ്രദർശനം.
തളിപ്പറമ്പ് ദേശീയപാതയോരത്ത് കോഫി ഹൗസിന് എതിർവശത്ത് ടാക്സസി സ്റ്റാന്റിന് പിറകിലായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. സമ്മേളനത്തിന്റെ സംഘാടകസമിതിയും ഇതിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രസിദ്ധമായ വാഗൺ ട്രാജഡിയുടെ ഭീകര ദൃശ്യമാണ് പ്രദർശനത്തിൽ ആദ്യം കാണാൻ ആവുക. 1946 ലെ കരിവെള്ളൂർ സമരത്തിന്റെ പോരാട്ട ശിൽപ്പമാണ് അടുത്തത്. ഈ ശില്പങ്ങളെല്ലാം തന്നെ കാഴ്ചക്കാർക്ക് ദുരന്തത്തിന്റെ ആഴം മനസിലാക്കി നൽകുന്നവയാണ്. മുലക്കരം കൊടുക്കണമെന്ന അനാചാരത്തിനെതിരെ സ്വന്തം മുല മുറിച്ച് സമരം നടത്തിയ നങ്ങേലിയുടെ ശിൽപ്പവും കാഴ്ചക്കാരുടെ ഉള്ളുലയ്ക്കും. ഓരോ ശിൽപ്പങ്ങളുടെയും അടുത്തെത്തുമ്പോൾ അവയുടെ ചരിത്രം വിവരിക്കുന്ന ശബ്ദാവിഷ്ക്കാരവും ഉണ്ടെന്നത് ഒരു പ്രത്യേകതയാണ്.
കേരള ചരിത്രത്തിലെ പോരാട്ട സമരങ്ങൾ, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി നടന്ന സമരങ്ങൾ,അതിലേക്ക് വഴി തുറന്ന വിവിധ പ്രക്ഷോഭങ്ങൾ തുടങ്ങിയവ വിവരിക്കുന്ന പോസ്റ്ററുകളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. കേരളത്തെ നവോത്ഥാനത്തിലേക്ക് നയിച്ച ശ്രീനാരായണഗുരു, അയ്യൻകാളി, വൈകുണ്ഠസ്വാമികൾ, ചട്ടമ്പിസ്വാമികൾ, തുടങ്ങിയവരെയും പ്രദർശനത്തിൽ അനുസ്മരിക്കുന്നു. കടമ്മനിട്ട, എൻ വി കൃഷ്ണവാര്യർ, വള്ളത്തോൾ, വൈലോപ്പിള്ളി തുടങ്ങിയ എഴുത്തുകാരുടെ പ്രശസ്തമായ വരികളും പ്രദർശനത്തിലുണ്ട്..
മഹാത്മാഗാന്ധി, എ.കെ.ജി, സി.എച്ച് കണാരൻ, നായനാർ, സ്വാമി ആനന്ദ തീർത്ഥർ, ശ്രീനാരായണഗുരു, കോടിയേരി ബാലകൃഷ്‌ണൻ എന്നിവരുടെ പൂർണ്ണകായ -അർദ്ധകായ പ്രതിമകളും ഗാന്ധിവധത്തിന്റെ ദൃശ്യാവിഷ്ക്കാരവുമെല്ലാം ഈ പ്രദർശനത്തെ കൂടുതൽ ശ്രദ്ദേയമാക്കുകയാണ്. ഇതോടൊപ്പം മതമൈത്രിയുടെ വിളനിലമായ തളിപ്പറമ്പിലെ പ്രാചീന ക്ഷേത്രങ്ങളായ രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, 500 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കപ്പാലത്തെ തങ്ങൾ പള്ളി, തളിപ്പറമ്പ ജുമാമസ്ജിദ്, 1920കളിൽ ഫാ റോമിയോ പോർത്തു സ്ഥാപിച്ച വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ദേവാലയം എന്നിവയെക്കുറിച്ചുള്ള ചെറു വിവരണങ്ങളും ഇവിടെയുണ്ട്.
കൂടാതെ 1948ലെ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധനത്തിൽ കുറ്റേരി സഖാക്കൾ മാവിച്ചേരി കുന്നിൽ ഒളിവിൽ കഴിഞ്ഞ 'മാവിച്ചേരിയുടെ പ്രതിരോധം', ബക്കളം സമ്മേളനം, ചിറക്കൽ താലൂക്ക് കർഷക സമ്മേളനം തുടങ്ങിയ ആദ്യകാല സംഭവങ്ങലും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാം കടന്നുവന്ന വഴികൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പ്രദർശനം ഒരുക്കിയതെന്ന് തളിപ്പറമ്പ ഏരിയ സെക്രട്ടറി കെ സന്തോഷ് പറഞ്ഞു.
ഇവയ്‌ക്കെല്ലാം പുറമെ പിണറായി സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും പ്രദർശനത്തിൽ വിവരിക്കുന്നുണ്ട്. ശിൽപ്പി ഉണ്ണി കാനായി, ചിത്രാഞ്ജലി ശ്രീനിവാസൻ, ചിത്രകാരൻ എബി എൻ. ജോസഫ് തുടങ്ങിയവരാണ് ഈ ശില്പങ്ങളും ചിത്രങ്ങളുമെല്ലാം ഒരുക്കിയത്. നിരവധിയാളുകളാണ് രാപ്പകലില്ലാതെ ഇവിടെയെത്തുന്നത്.
ചരിത്രപരമായ കാര്യങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതാണ് ഈ പ്രദർശനം എന്നും എത്ര കണ്ടാലും മതിയാകുന്നില്ലെന്നുമാണ് ഇവിടെയെത്തുന്ന ഓരോരുത്തരും സാക്ഷ്യപ്പെടുത്തുന്നത്.