കണ്ണൂർ : കേരള കരകൗശല വികസന കോർപ്പറേഷന്റെ കൈരളി കണ്ണൂർ ഷോറൂമിൽ കരകൗശല വസ്തുക്കളുടെ പ്രദർശന വിപണന മേള ആരംഭിച്ചു. കേരളത്തിലുടനീളമുള്ള നൂറോളം കരകൗശല വിദഗ്ധരിൽ നിന്നും ശേഖരിക്കുന്ന കരകൗശല വസ്തുക്കളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 100 മുതൽ 25,000 രൂപ വരെ വിലമതിക്കുന്ന വസ്തുക്കൾ വിൽപനക്കായുണ്ട്. ആറന്മുള കണ്ണാടിയുടെ വലിയ ശേഖരം തന്നെ മേളയിലുണ്ട്.
ഇതിനു പുറമേ റോസ് വുഡിൽ തീർത്ത ആനയുടെ ശില്പങ്ങൾ, കേരളത്തിന്റെ പരമ്പരാഗത ഉൽപ്പന്നങ്ങളായ നിലവിളക്കുകൾ, ഉരുളി, പറ തുടങ്ങിയവയും ഇവിടെയുണ്ട്. വിവിധ തരത്തിലുള്ള മരത്തിൽ തീർത്ത ആഭരണ പെട്ടികൾ, നിട്ടൂർ പെട്ടികൾ, എന്നിവ കാഴ്ചക്കാരുടെ മനം കവരുന്നവയാണ്. വീടുകൾ അലങ്കരിക്കുന്നതിനും ഗിഫ്റ്റുകൾ നൽകുന്നതിനും അനുയോജ്യമായ വിവിധയിനം പെയിന്റിങ്ങുകൾ, കറ്റ പുല്ലുകൊണ്ടുള്ള സ്‌ട്രോ പെയിന്റിംഗുകൾ എന്നിവ മേളയിലെ വേറിട്ട കാഴ്ചയാണ്.
കേരള പെരുമയുടെ പ്രതീകമായ കഥകളി രൂപം, വഞ്ചി, ഹൗസ് ബോട്ട്, ദേവീദേവന്മാരുടെ ശില്പങ്ങൾ എന്നിവയും മേളയ്ക്ക് നിറം പകരുന്നു. കരകൗശല മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ കഴിവുകൾ പൊതുജനങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തുക, സാമ്പത്തികമായി പിന്നിട്ടു നിൽക്കുന്ന കരകൗശല വിദഗ്ധർക്ക് വരുമാനം നേടുന്നതിന് മാർഗം കണ്ടെത്തുക എന്നീ ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് കരകൗശല വികസന കോർപ്പറേഷൻ കണ്ണൂർ ഷോറൂം മാനേജർ കെ ഷൈൻ പറഞ്ഞു. കണ്ണൂർ മഹാത്മാ മന്ദിരത്തിന് സമീപത്തെ കൈരളി ഷോറൂമിലെ കരകൗശലമേള രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ്. ഫെബ്രുവരി 28 വരെയാണ് മേള.