കണ്ണൂർ : പേര് പോലെ സുന്ദരിയാണ് അട്ടപ്പാടിയിലെ വനസുന്ദരി ചിക്കൻ. ജില്ലാ കുടുംബശ്രീ മിഷനും നബാർഡും ചേർന്ന് കണ്ണൂർ പയ്യാമ്പലത്ത് സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഭക്ഷ്യ മേളയിലെ താരമാണ് വനസുന്ദരി ചിക്കൻ. അട്ടപ്പാടി ആദിവാസി ഊരിലെ കുടുംബശ്രീ അംഗങ്ങളാണ് വനസുന്ദരി ചിക്കൻ തയ്യാറാക്കുന്നത്. പച്ചക്കുരുമുളകും കാന്താരിയും മല്ലിയും പുതിനയും കാട്ടുജീരകവും ചില പച്ചിലകളും ചേർത്തരച്ച കൂട്ടിലേക്ക് നേരത്തെ വേവിച്ചു വെച്ച ചിക്കൻ ചേർത്ത് കല്ലിൽ വച്ച് പൊള്ളിച്ച് ചതച്ചെടുത്താണ് വനസുന്ദരി തയ്യാറാക്കുന്നത്.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മഞ്ഞൾ പൊടി എന്നിവ വെള്ളത്തിൽ ചേർത്ത് തിളച്ച് വരുമ്പോൾ അതിലേക്ക് ചിക്കൻ ചെറുതായി അരിഞ്ഞ് ചേർത്താണ് വേവിക്കുന്നത്. വനസുന്ദരി ചിക്കന്റെ കൂടെ കഴിക്കാൻ പ്രത്യേകം തയാറാക്കിയ ദോശയും ഉണ്ട്. കൂടാതെ പ്രത്യേക ക്കൂട്ടുകൾ ക്കൊണ്ട് തയ്യാറാക്കിയ 'ഊര്' കാപ്പി, മുളയരി പായസം എന്നിവയും അട്ടപാടി കുടുംബശ്രീ മിഷന്റെ സ്റ്റാളിൽ ലഭ്യമാണ് വനസുന്ദരി ചിക്കന് ആവശ്യക്കാർ ഏറെയാണ്.