കണ്ണൂർ കോർപ്പറേഷന്റെ അഴിമതിക്കെതിരെയും മുൻ മേയറുടെ അനധികൃത സമ്പാദ്യത്തിനെതിരെയും ബിജെപി പ്രതിഷേധമാർച്ച് നടത്തും

08:45 PM Feb 18, 2025 | Litty Peter

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ തികഞ്ഞ അഴിമതി ഭരണമാണെന്ന ബിജെപിയുടെ ആരോപണം ശരിവെക്കുന്നതാണ് വിജിലൻസ് അന്വേഷണം എന്ന് കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ പ്രസ്താവിച്ചു. കോർപ്പറേഷൻ ഭരണത്തിന് നേതൃത്വം നൽകുന്നവരുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം വേണം. പയ്യാമ്പലത്തിലെ നടത്തിപ്പിൽ നിന്ന് 10000 രൂപ വീതം മാസംതോറും കമ്മീഷൻ പറ്റുന്ന  കൗൺസിലറുമുണ്ട്.

കരാറുകാരിൽ നിന്ന് ഇരുപതും മുപ്പതും ശതമാനം കമ്മീഷൻ പറ്റുന്നവരുണ്ട്. കാർ പാർക്കിങ്ങിനു വേണ്ടി ഒരുക്കിയിരിക്കുന്ന സ്ഥലത്തിന്റെ പണി ഏറെക്കുറെ പൂർത്തിയായിട്ടും ജനങ്ങൾക്ക് തുറന്നു കൊടുത്തില്ല. കോർപ്പറേഷന്റെ അഴിമതി ഭരണത്തിനെതിരെ ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കും. 21 ന് ബിജെപിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും കെ കെ വിനോദ് കുമാർ അറിയിച്ചു.