കണ്ണൂർ: പൊലിസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതികളായ കോരന്‍പീടികയിലെ 18 മുസ്ലിംലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. പരിയാരം പൊലിസ് രജിസ്ട്രര്‍ ചെയ്ത കേസിലാണ് പയ്യന്നൂര്‍ അസി.സെഷന്‍സ് കോടതി ജഡ്ജ് എം.എസ്. ഉണ്ണികൃഷ്ണന്‍ വെറുതെ വിട്ടത്. 2010 മെയ്-29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എമ്മുകാര്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുക്കുകയും ലീഗ് പ്രവര്‍ത്തകരായ ലത്തീഫ് മുതല്‍ 75 ഓളം പേര്‍ സംഘടിച്ച് പ്രകടനമായി വന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അന്നത്തെ എസ് ഐ ടി.ഉത്തംദാസിനെയും പൊലിസ് സംഘത്തെയും ബോംബ് എറിഞ്ഞും, കല്ല്, വടി എന്നിവ ഉപയോഗിച്ചും കൊലപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. സംഭവത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലിസുകാരന് പരുക്കേറ്റിരുന്നു.
2012 ജൂണ്‍ മാസം പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രപ്രകാരമാണ് പയ്യന്നൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ വിചാരണ നടന്നത്. എം.വി.ലത്തീഫ്, പി.വി.അഷറഫ്, കെ.പി.ഷക്കീര്‍, പി.വി.ഇര്‍ഷാദ്, നജീബ്, പി.സി.റാഷിദ്, കെ.നാസര്‍, കെ.സാദിഖ്, എം.വി.ഉനൈസ്, പി.സി.സാജിദ്, പി.വി.റിയാസ്, പി.വി.റഹീസ്, അഷറഫ് പുളുക്കൂല്‍, കെ.ടി.ആബിദ്, പി.ടി.പി.ജാബിര്‍, യു.എം.ഇസ്മായില്‍, എം.അജാസ്, സി.റസാക്ക് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ ഹനീഫ് പുളുക്കൂല്‍, അഡ്വ.സക്കരിയ കായക്കൂല്‍, അഡ്വ.വി.എ സതീശന്‍, അഡ്വ. ഡി.കെ ഗോപിനാഥന്‍ എന്നിവര്‍ ഹാജരായി.