കണ്ണൂർ: രാസലഹരിയിൽ കണ്ണൂർ ജില്ല മുങ്ങുന്നതായി റിപ്പോർട്ട്. കണ്ണൂർ ജില്ലയില്‍ ലഹരി മാഫിയ കടുത്ത ഭീഷണിയായി മാറുന്നതിന്റെ ഭീകരമായ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് എക്സൈസ്. കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്കിടയില്‍ മാത്രം വില്പനയ്ക്കെത്തിച്ച 42 കിലോ കഞ്ചാവാണ് എക്സൈസ് കണ്ണൂർ ജില്ലയില്‍ നിന്ന് പിടിച്ചെടുത്തത്. എം.ഡി.എം.എ, മെത്താംഫെറ്റാമിൻ, ഹാഷിഷ് ഓയില്‍, നൈട്രോസ്പാം ടാബ് എന്നീ സിന്തറ്റിക് മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.
ലഹരി വിതരണത്തിന് പ്രത്യേക ആപ്പുകള്‍ പോലും സജ്ജമാക്കിയാണ് മാഫിയകള്‍ കച്ചവടം നടത്തുന്നത്. പിടിച്ചെടുത്തതിന്റെ എത്രയോ മടങ്ങ് വിറ്റഴിക്കപ്പെട്ടിരിക്കാനുള്ള സാദ്ധ്യതയാണ് നിലനില്‍ക്കുന്നത്. ഇങ്ങനെ തുടർന്നാല്‍ ലഹരി മാഫിയയിലേയ്ക്ക് യുവതലമുറകള്‍ കൂടുതലായി തിരിയുമെന്നും എക്സൈസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ജില്ലയില്‍ അകെ രജിസ്റ്റർ ചെയ്ത ലഹരി കേസുകള്‍ 7523 ആണ് എന്നാല്‍ അറസ്റ്റിലായത് 1734 പേർ മാത്രമാണ്.
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എം.ഡി.എം.എ, മെത്താംഫെറ്റാമിൻ, കഞ്ചാവ്, നൈട്രോസ്പാം, ഹാഷിഷ് ഓയില്‍ തുടങ്ങിയ പല രൂപങ്ങളിലുള്ള ലഹരിമരുന്നുകള്‍ എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. പഴയതുപോലെ നഗരകേന്ദ്രീകൃതമായി മാത്രമല്ല ലഹരി വില്പന എന്നതാണ് ഇതിലൂടെ തെളിയുന്നത്. ജനുവരിയില്‍ ഒറ്റയാളില്‍ നിന്ന് മാത്രം പത്ത് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയിരുന്നു. മിക്കവാറും കർണാടക അതിർത്തി കടന്നാണ് കണ്ണൂരിലേക്ക് ലഹരി വസ്തുക്കള്‍ എത്തുന്നത്.
കർണാടക കേരള അതിർത്തിയായ കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ നിന്നും പലതവണ നിരോധിത ലഹരിവസ്തുക്കള്‍ പൊലീസും എക്സൈസും പിടികൂടിയിട്ടുണ്ട്. ഇത്രയേറെ ലഹരി മരുന്ന് കേസുകള്‍ പിടികൂടിയിട്ടും ദിനംപ്രതി കണ്ണൂർ ജില്ലയിൽ വർധിക്കുന്നതല്ലാതെ കുറയുന്നില്ലെന്നാണ് എക്സൈസ് നൽകുന്ന റിപ്പോർട്ട്. എക്സൈസിനൊപ്പം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ ഡാൻസെഫും മയക്കുമരുന്ന് വേട്ടയിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.