കൂത്തുപറമ്പ് : കൂത്തുപറമ്പിൽ ഭിന്ന ശേഷിക്കാരന്റെ തട്ടുകട അടിച്ചു തകർത്ത സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.ബുധനാഴ്ച്ചഉദ്ഘാടനം നടക്കാനിരിക്കെയാണ് കിണവക്കൽ സ്വദേശി അബ്ദുൾ റഷീദിന്റെ കട തകർത്തത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പരാതി നൽകിയതിനെ തുടർന്ന് കൂത്തുപറമ്പ് പൊലീസാണ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയത്.
പോളിയോ ബാധിച്ച് രണ്ട് കാലിനും ചലന ശേഷി കുറവുള്ള റഷീദ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് തട്ടുകട ഒരുക്കിയത്. ഊന്നുവടി ബലമാക്കി കെട്ടിപ്പൊക്കിയ സ്വപ്നം ഒരു രാത്രി കൊണ്ട് തകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. മുഖംമൂടി ധരിച്ച രണ്ട് പേരാണ് കട തകർത്തത് കണ്ണൂർ - കൂത്തുപറമ്പ് റോഡിലാണ് പാരിസ് കഫെ എന്ന പേരിൽ റഷീദ് തട്ട് കട തുടങ്ങിയത്.
കഴിഞ്ഞ ദിവസം ഇവിടെ ഒരു നോമ്പു തുറയും സംഘടിപ്പിച്ചിരുന്നു. ആർക്കും തന്നോട് വൈരാഗ്യം തോന്നേണ്ട ഒരു കാരണവും ഉണ്ടായിട്ടില്ലെന്ന് റഷീദ് പറഞ്ഞു.രണ്ടേ കാൽ ലക്ഷം രൂപയുടെ നഷ്ടമാണ് റഷീദിന് ഉണ്ടായത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം