ആറളം വൈൽഡ് ലൈഫ് ഡിവിഷനിലെ ഫീൽഡ് ജീവനക്കാർക്ക് ഏകദിന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

04:05 PM Apr 04, 2025 | AVANI MV

ഇരിട്ടി :  വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന്റെ  ഭാഗമായി  വനം വന്യജീവി വകുപ്പ് നടപ്പിലാക്കുന്ന ഭക്ഷ്യ-ജലലഭ്യത ഉറപ്പാക്കുന്ന പദ്ധതിയായ ഫുഡ്, ഫോഡർ, വാട്ടർ മിഷൻ യജ്ഞത്തിൻ്റെ ഭാഗമായി ആറളം വൈൽഡ് ലൈഫ് ഡിവിഷനിലെ ഫീൽഡ് ജീവനക്കാർക്ക് ഏകദിന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.   

വളയം പാലിൽ വെച്ച്  നടന്ന പരിശീലന പരിപാടി ആറളം വൈൽഡ് ലൈഫ് വാർഡൻ  ജി.  പ്രദീപ് ഉദ്ഘാടനം ചെയ്തു.  മനോജ് ബാലകൃഷ്ണൻ ഡപ്യൂട്ടി  ഡയറക്ടർ , വൈൽഡ്ലൈഫ്  എഡ്യൂക്കേഷൻ , നോർത്തേൺ സർക്കിൾ, പാലക്കാട് പരിശീലന ക്ലാസ് നയിച്ചു.  

വന്യമൃഗ സംഘർഷം കൂടുതലായി അനുഭവപ്പെടുന്ന ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ വനത്തിനുള്ളിൽ തന്നെ ജലലഭ്യതയും ഭക്ഷ്യലഭ്യതയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫുഡ്, ഫോഡർ, വാട്ടർ മിഷൻ യജ്ഞം വനം വകുപ്പ് നടപ്പിലാക്കി വരുന്നത്. പരിശീലന ക്ലാസ്സിന് ശേഷം അത്തി, മുള എന്നിവയുടെ വിത്തുകൾ കൂട്ടി തയ്യാറാക്കിയ സീഡ് ബോളുകൾ ആറളം വന്യജീവി സങ്കേതത്തിലെ വനഭാഗങ്ങളിൽ നിക്ഷേപിച്ചു.