കണ്ണൂരിൽ കേസിൽ പെട്ട് സീൽ ചെയ്ത കടയുടെ ഗ്ലാസ് കൂടിനുള്ളിൽ കുടുങ്ങി കുരുവി ; കട തുറന്ന് മോചിപ്പിക്കാൻ കലക്ടറുടെ ഉത്തരവ്

10:24 AM Apr 10, 2025 | Neha Nair

കണ്ണൂർ : കേസിൽ പെട്ട് പൂട്ടിയ കടയുടെ ഗ്ലാസ് കൂടിനുള്ളിൽ കുടുങ്ങിയ കുരുവിയെ കട തുറന്ന് മോചിപ്പിക്കാൻ കലക്ടറുടെ ഉത്തരവ്. കണ്ണൂർ ഉളിക്കലിലാണ് സംഭവം. കടയുടെ ഷട്ടർ തുറന്ന് കിളിയെ മോചിപ്പിക്കാൻ കലക്ടർ അരുൺ കെ. വിജയൻ ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.

ഉളിക്കലിലെ ടെക്സ്റ്റൈൽ സ്ഥാപനമാണ് കേസിൽ പെട്ട് കോടതി ഉത്തരവ് പ്രകാരം പൂട്ടി സീൽ ചെയ്തത്. സ്ഥാപനത്തിൻറെ മുൻവശത്ത് ചില്ലുകൂടാണ്. ഇതിൻറെയുള്ളിലാണ് കുരുവി കുടുങ്ങിത്. കടപൂട്ടി സീൽ ചെയ്തതോടെ കുരുവിക്ക് പുറത്തിറങ്ങാൻ വഴിയില്ലാതായി.

ചില്ലുകൂട്ടിനുള്ളിൽ പറക്കുന്ന കുരുവി നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പൂട്ടി സീൽ ചെയ്തതിനാൽ കോടതിയുടെ അനുമതിയില്ലാതെ കട തുറക്കാനും സാധിക്കില്ല. ചെറിയ വിടവിലൂടെ വെള്ളവും പഴവും നൽകാൻ നാട്ടുകാർ ശ്രമം നടത്തിയിരുന്നു. നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചിരുന്നെങ്കിലും കോടതിയുടെ അനുമതിയില്ലാതെ കട തുറക്കാനാവില്ലെന്ന് അറിയിച്ചു.

സംഭവം ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടർ അരുൺ കെ. വിജയൻറെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് കുരുവിയെ പുറത്തെത്തിക്കാൻ അദ്ദേഹം നടപടിയെടുത്തത്.