കാഞ്ഞങ്ങാട് : ബേഡകത്ത് കടയ്ക്കുള്ളിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ ബേഡകത്തെ രമിതയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. ചൊവ്വാഴ്ച രാത്രി പള്ളത്തിങ്കാൽ ചീച്ചക്കയയിലെ രമിതയുടെ വീട്ടു വളപ്പിലായിരുന്നു സംസ്കാരം.
മംഗളൂരിലെ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി ഇന്നലെ വൈകുന്നേരം മുന്നാട് ഭർത്താവിൻ്റെ വീട്ടിലെത്തിച്ചു.തുടർന്ന് മുന്നാട് പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്കാരം. ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു സിപി എം എരിയാ സെക്രട്ടറി സി രാമചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ വി കുഞ്ഞിരാമൻ ,സി ബാലൻ, ഓമന രാമചന്ദൻ, ഇ പദ്മാവതി, ഷാലു മാത്യു, തുടങ്ങി രാഷ്ട്രീയ – സാമൂഹ്യ രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.
കഴിഞ്ഞഏപ്രിൽ എട്ടി നായിരുന്നു രമിതയെ തമിഴ്നാട് സ്വദേശി രാമാമൃതം കടമുറിക്കുള്ളിൽ തിന്നർ ഒഴിച്ച് തീകൊളുത്തിയത്. തൊട്ടടുത്ത് ഫർണിച്ചർ കട നടത്തിയിരുന്ന രാമാമൃതം മദ്യപിച്ച് ശല്യം ചെയ്യുന്നതിനെത്തുടർന്ന് രമിത ബേഡകം പോലീസിൽ പരാതി നൽകിയതിൻ്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. സംഭവത്തിന് പിന്നാലെ രാമമൃതത്തെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ഇയാൾ റിമാൻഡിലാണുള്ളത്.