കണ്ണൂർ : കണ്ണൂർ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കണ്ണപുരത്തു സ്ഥിതി ചെയ്യുന്ന അണ്ണൻ കോളനി എന്ന പേരിൽ അറിയപ്പെടുന്ന ക്വാട്ടേഴ്‌സിന് 25000 രൂപ പിഴ ചുമത്തി. റയിൽവേ ട്രാക്കിനോട് ചേർന്ന പ്രദേശത്ത് ക്വാട്ടേഴ്‌സിൽ നിന്നുള്ള പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ളവ കൂട്ടിയിട്ട് തത്സമയം കത്തിക്കുന്നതായി കണ്ടെത്തി.
കൂടാതെ ക്വാട്ടേഴ്‌സിന്റെ കുളിമുറിയിൽ നിന്നുള്ള മലിന ജലം സമീപത്ത് സ്ഥിതി ചെയ്യുന്ന ഡ്രൈനേജിലേക്ക് ഒഴുക്കി വിടുന്നതായും പരിശോധനയിൽ തെളിഞ്ഞു.ക്വാട്ടേഴ്‌സിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന കിണറിൽ മദ്യക്കുപ്പികൾ തള്ളിയിരിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ക്വാട്ടേഴ്‌സ് പരിസരങ്ങളിൽ പലയിടങ്ങളിലായി ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ അലക്ഷ്യമായി കൂട്ടി ഇട്ടിരിക്കുന്നതും സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി. ക്വാട്ടേഴ്‌സിനു ജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനമില്ലെന്നും സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ തെളിഞ്ഞു.
ഇതു കാരണം ക്വാട്ടേഴ്‌സിനു 25000 രൂപ പിഴ ചുമത്തുകയും ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശം ക്വാട്ടേഴ്‌സ് നടത്തിപ്പുകാരന് നൽകുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ ഷെ രീക്കുൾ അൻസാർ, അലൻ ബേബി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ആകാശ് എം. ആർ തുടങ്ങിയവർ പങ്കെടുത്തു.