തളിപ്പറമ്പ : തളിപ്പറമ്പ സയ്യിദ് നഗറിലെ ഡ്രൈവിംഗ് സ്കൂൾ കോമ്പൗണ്ടിൽ നിന്ന് സ്കൂട്ടർ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. നടുവിൽ പി എച്ച് സിക്ക് സമീപത്തെ മർവാൻ (30) ആണ് അറസ്റ്റിലായത്. റെയിൽവേ പൊലീസിന്റെ സഹായത്തോടെ കോഴിക്കോട് വെച്ചാണ് തളിപ്പറമ്പ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ മാസം 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇതിന് ശേഷം ജില്ലയിൽ 15 തവണ മോഷണം നടത്തിയതായി തെളിഞ്ഞു. ആലക്കോട് റോഡിൽ സയ്യിദ് നഗറിൽ മലബാർ ഡ്രൈവിംഗ് സ്കൂളിന് മുന്നിൽ നിർത്തിയിട്ട കെ എൽ 59 ആർ 6398 ഡിയോ സ്കൂട്ടറാണ് മർവാൻ മോഷ്ടിച്ചത്. കോടത് റോഡിൽ ജിപ്സം വ്യാപാരിയായ മദ്രസയ്ക്ക് സമീപത്തെ കെ പി മർവാന്റെ വാഹനമാണിത്.
പുലർച്ചെ 3 മണിയോടെ ഇവിടെയെത്തിയ യിവാവ് ഡ്രൈവിംഗ് സ്കൂളിലെ ഷെഡിൽ നിന്നാണ് സ്കൂട്ടറിന്റെ താക്കോൽ കൈക്കലാക്കിയത്. പലപ്പോഴായി ഡ്രൈവിംഗ് സ്കൂളിൽ നിന്ന് കളഞ്ഞു കിട്ടിയ പണം ഷെഡിൽ സൂക്ഷിച്ചുരുന്നു. ഈ പണവും മോഷ്ടാവ് എടുത്തു. മോഷണം നടത്തുന്ന ദൃശ്യം സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യത്തെ ആസ്പദമാക്കി നടത്തിയ അന്വേഷണത്തിലാണ് മർവാൻ അറസ്റ്റിലായത്.