
കണ്ണൂർ : മികച്ച സാമൂഹ്യ സുരക്ഷാ അന്തരീക്ഷമുണ്ടായാൽ മാത്രമേ മികച്ച വ്യവസായവും ഉണ്ടാവുകയുള്ളൂവെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കണ്ണൂർ താണ സാധു കല്യാണമണ്ഡപത്തിൽ കേരള പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലിസ് സേന കേരളത്തിലേതാണ്. കേരളത്തിലെ മികവാർന്ന ക്രമസമാധാനം വ്യാവസായിക വളർച്ചയിൽ മുഖ്യ പങ്കു വഹിച്ചു. വിമർശനങ്ങളെക്കാൾ അംഗീകാരമാണ് കേരള പൊലിസിന് കിട്ടിയത്. ഉത്തർപ്രദേശിലും യു.പിയിലും നിയമവ്യവസ്ഥ തകർന്നതിനെതിരെ സുപ്രീം കോടതിക്ക് ഇടപെടേണ്ടിവന്നു.
കേരളത്തിൽ വ്യവസായ തർക്കത്തിൻ്റെ പേരിൽ അക്രമമുണ്ടായിട്ടില്ല,എന്നാൽ കേരളത്തിന് പുറത്ത അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.മൂലധനം വർധിക്കണമെങ്കിൽ ക്രമസമാധാനത്തിനും വലിയ പങ്കുണ്ട്. മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലെ പോലീസ് സേനയെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ നടക്കുന്ന ചില സമരങ്ങൾ ഏറ്റെടുത്തു കൊണ്ട് മാധ്യമങ്ങൾ സർക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണ്. സംഭവത്തിൻ്റെ യഥാർത്ഥ വസ്തുത ഇവർ അന്വേഷിക്കുന്നില്ല. വനിതാ സി.പി.ഒമാരുടെ സമരവും ഇത്തരത്തിൽ സർക്കാരിനെതിരെ വളച്ചൊടിച്ചതാണ്.
വനിതാ സി.പി.ഒമാരുടെ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയവരോട് മാധ്യമങ്ങൾ നിങ്ങളുടെത് എത്രാമത്തെ റാങ്കാണെന്ന് ചോദിച്ചിട്ടില്ല. സമരക്കാർ മെയിൻ ലിസ്റ്റിൽപ്പെട്ടവരാണോ അതോ സപ്ലിമെൻ്ററി ലിസ്റ്റിൽ ഉൾപ്പെട്ടവരാണോയെന്ന് ആർക്കുമറിയില്ല. ഒരു റാങ്ക് ലിസ്റ്റിൽ നിന്നും മുഴുവൻ പേരെയും സർക്കാരിന് നിയമിക്കാൻ കഴിയില്ല. പൊലിസ് സേനയിൽ കൃത്യമായി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തിയ സർക്കാരാണിതെന്നും ഏറ്റവും കൂടുതൽ നിയമനം നടന്നത് ഈ സർക്കാരിൻ്റെ കാലത്താണെന്ന് ആർക്കും പരിശോധിച്ചാൽ മനസിലാകുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിനിധി സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡൻ്റ് ബിനുമോഹൻ അധ്യക്ഷനായി. അഡീഷനൽ എസ്.പി കെ.വി വേണുഗോപാലൻ , തലശേരി എ.എസ്.പി പി.ബി കിരൺ, പി. രമേശൻ, പി.പി മഹേഷ്. ജോഷി ജോസ്, പി.വി രാജേഷ്, സിനീഷ് വട വതി ഒ.വിജനാർദ്ദനൻ എം പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.